ബെംഗളൂരു: തെരഞ്ഞടുപ്പിന് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ കര്‍ണാടകയിലെ രാമനഗര ബി.ജെ.പി സ്ഥാനാര്‍ഥി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തി. ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന എല്‍ ചന്ദ്രശേഖര്‍ ആണ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലെത്തിയത്. ഒരുമാസം മുമ്പാണ് ചന്ദ്രശേഖര്‍ ബി.ജെ.പിയ്ക്കൊപ്പം ചേര്‍ന്നത്.

കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ ഭാര്യ അനിതാ കുമാരസ്വാമിയാണ് ഇവിടുത്തെ ജെഡിഎസ്-കോണ്‍ഗ്രസ് സംയുക്ത സ്ഥാനാര്‍ഥി. ബിജെപി നേതാക്കള്‍ തനിക്കായി പ്രചാരണത്തിന് എത്താത്തതില്‍ പ്രതിഷേധിച്ചാണ് രാജി. ബിജെപിയില്‍ ഐക്യം ഇല്ലെന്നും തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ തന്നെ പാര്‍ട്ടി പിന്തുണയ്ക്കുന്നില്ലെന്നും ഇദ്ദേഹം ആരോപിക്കുന്നുണ്ട്.

മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യെദ്യൂരപ്പയ്‌ക്കെതിരെ പരസ്യമായി രംഗത്തെത്തുകയും ചെയ്തു ചന്ദ്രശേഖര്‍. സ്ഥാനാര്‍ത്ഥിയാക്കിയെങ്കിലും ആരും മണ്ഡലത്തില്‍ പ്രചാരണത്തിന് എത്തിയില്ല, ബലിയാടാക്കി വിജയസാധ്യതയില്ലാത്തിടത്ത് മത്സരിപ്പിക്കുകയായിരുന്നു. താന്‍ പാര്‍ട്ടി വിട്ടതിനും കോണ്‍ഗ്രസില്‍ ചേരാനും കാരണം ബിജെപി നേതാക്കള്‍ തന്നെയാണെന്നും ഇദ്ദേഹം ആരോപിച്ചു.

ജെഡിഎസിന്റെ ഉറച്ച സീറ്റാണ് രാമനഗര്‍. രണ്ടു മണ്ഡലങ്ങളില്‍ മത്സരിച്ച് വിജയിച്ച മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി രാമനഗരിയിലെ എംഎല്‍എ സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് ഇവിടം ഉപതെരഞ്ഞെടുപ്പിലേക്കെത്തിയത്. ചിന്നപ്പട്ടണ നിലനിര്‍ത്തിയാണ് കുമാരസ്വാമി രാമനഗര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ