ന്യൂഡൽഹി: രാമക്ഷേത്ര വിഷയത്തിൽ വീണ്ടും വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. രാമക്ഷേത്രം രാമന്‍റെ ജൻമഭൂമിയിൽതന്നെ പണിയണമെന്നും മോസ്ക് സരയു നദിയുടെ മറ്റേതെങ്കിലും കരയില്‍ പണിതാലും കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു.

രാമക്ഷേത്രവും പള്ളിയും നിർമിക്കപ്പെടണം. എന്നാല്‍ രാമക്ഷേത്രം രാമജന്മ ഭൂമിയിൽതന്നെ നിർമിക്കണം. പള്ളി സരയു നദിയുടെ മറുകരയിൽ നിർമിക്കട്ടെ. രാമന്‍റെ ജൻമസ്ഥലം മാറ്റാൻ പറ്റില്ല. അതുകൊണ്ട് പള്ളി മറ്റെവിടെയെങ്കിലും നിർമിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

“സൗദി അറേബ്യ അടക്കമുള്ള മറ്റു മുസ്ലിം രാജ്യങ്ങളിൽ പള്ളികള്‍ നിസ്കരിക്കാനുള്ള സ്ഥലമായിട്ടാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ പ്രാര്‍ത്ഥന മറ്റ് എവിടെ നിന്ന് വേണമെങ്കിലും ചെയ്യാമെന്നും” സ്വാമി കൂട്ടിച്ചേര്‍ത്തു. അയോധ്യ വിഷയത്തിൽ കോടതിക്കു വെളിയില്‍ ഒത്തുതീർപ്പുണ്ടാക്കണമെന്ന സുപ്രീം കോടതി പരാമര്‍ശത്തിന് പിന്നാലെയാണ് പ്രസ്താവനയുമായി സ്വാമി രംഗത്തെത്തിയത്.

രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് വിഷയങ്ങൾ കോടതിക്ക് പുറത്ത് തീർപ്പുണ്ടാക്കുന്നതാണ് നല്ലതെന്നാണ് സുപ്രീം കോടതി പറഞ്ഞത്. വിഷയം സമവായത്തിലൂടെ പരിഹരിക്കണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹാർ നിർദേശിച്ചു.

കോടതിക്ക് പുറത്ത് മധ്യസ്ഥതയ്ക്ക് നില്‍ക്കാന്‍ താന്‍ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഉത്തർപ്രദേശിൽ അധികാരത്തിലെത്തിയാൽ അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുമെന്ന് ബിജെപി പ്രകടനപത്രികയിൽ പറഞ്ഞിരുന്നു. ഇതിന്‍റെ ചുവടുപിടിച്ചാണ് തെരഞ്ഞെടുപ്പു ജയത്തിനു പിന്നാലെ ഈ ആവശ്യവുമായി ഹിന്ദുത്വസംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook