ന്യൂഡല്‍ഹി: നിയമ നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള ഓര്‍ഡിനന്‍സ് കൊണ്ടു വരില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അയോധ്യയില്‍ രാമക്ഷേത്രം പണിയണമെന്ന് സംഘപരിവാര്‍ സംഘടനകള്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും കേസ് ഇപ്പോഴും സുപ്രീം കോടതിയിലാണ്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മോദിയുടെ പ്രതികരണം.

”നിയമ നടപടികള്‍ പൂര്‍ത്തിയായതിന് ശേഷം സര്‍ക്കാരെന്ന നിലയില്‍ ഞങ്ങളുടെ ഉത്തരവാദിത്വമായി കണ്ട് കഴിയുന്നതെല്ലാം ചെയ്യാന്‍ തയ്യാറാണ്. ബിജെപി തിരഞ്ഞെടുപ്പ് വേളയില്‍ തന്നെ പറഞ്ഞിരുന്നതാണ് ഈ വിഷയത്തില്‍ നിയമപരമായി ഒരു പരിഹാരം കൊണ്ടു വരുമെന്ന്” മോദി പറഞ്ഞു. കേസില്‍ കോടതി വിധിക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാക്കിസ്ഥാന് നന്നാവാന്‍ ഇനിയും സമയം വേണ്ടി വരുമെന്നും മോദി പറഞ്ഞു. 2016 ല്‍ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് കൊണ്ട് പാകിസ്ഥാന്‍ നന്നാവുമെന്ന് കരുതുന്നത് തെറ്റാണെന്നും മോദി പറഞ്ഞു.”ഒരു അടി കിട്ടിയെന്ന് കരുതി പാക്കിസ്ഥാന്‍ നന്നാകുമെന്ന് കരുതുന്നത് വലിയ തെറ്റാകും. അതിന് കുറേ സമയമെടുക്കും” എന്നായിരുന്നു മോദിയുടെ വാക്കുകള്‍.

അതേസമയം, നോട്ട് നിരോധനം പെട്ടെന്നുള്ള പ്രഖ്യാപനമല്ലായിരുന്നുവെന്നും നേരത്തെ തന്നെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായും മോദി പറഞ്ഞു.”അതൊരു പെട്ടെന്നുള്ള പ്രഖ്യാപനം ആയിരുന്നില്ല. ഒരു വര്‍ഷം മുമ്പു തന്നെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. കള്ളപ്പണം ഉണ്ടെങ്കില്‍ പിഴയടക്കാന്‍ ആവശ്യപ്പെട്ടിരുന്നു. പക്ഷെ അവര്‍ കരുതിയിരുന്നത് മോദി മറ്റുള്ളവരെ പോലെ ആയിരിക്കുമെന്നാണ്. അതുകൊണ്ട് വളരെ കുറച്ച് പേര്‍ മാത്രമാണ് മുന്നോട്ട് വന്നത്” മോദി പറയുന്നു.

ആര്‍ബിഐ ഗവര്‍ണര്‍ സ്ഥാനത്തു നിന്നും ഉൗര്‍ജിത് പട്ടേല്‍ രാജി വെക്കുന്നതിനെ കുറിച്ച് തനിക്ക് നേരത്തെ തന്നെ അറിയുമായിരുന്നുവെന്നും മോദി പറഞ്ഞു. അദ്ദേഹം സ്വയം രാജിവച്ചതാണെന്നും രാജിയെ കുറിച്ച് തനിക്ക് ആറ്, ഏഴ് മാസങ്ങള്‍ക്ക് മുമ്പു തന്നെ അറിയാമായിരുന്നുവെന്നും മോദി പറഞ്ഞു. ആര്‍ബിഐ ഗവര്‍ണറായി അദ്ദേഹത്തിന്റേത് മികച്ച സേവനമായിരുന്നുവെന്നും മോദി അഭിപ്രായപ്പെട്ടു.

2019 ലെ ലോകസഭാ തിരഞ്ഞെടുപ്പ് ജനങ്ങളും മഹാസഖ്യവും തമ്മിലുള്ളതാകുമെന്നും മോദി അഭിപ്രായപ്പെട്ടു. ജനങ്ങളുടെ പ്രതിനിധിയായിരിക്കും താനെന്നും മോദി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook