ന്യൂഡല്‍ഹി: 2024 ജനുവരി ഒന്നിന് അയോധ്യയില്‍ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. ക്ഷേത്രം തുറക്കുന്നത് പ്രഖ്യാപിക്കാനുള്ള അമിത് ഷായുടെ യോഗ്യതയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിമര്‍ശനവുമായി രംഗത്ത് വന്നു.
രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുകയാണ് അമിത് ഷായുടെ ജോലി എന്നാല്‍ അദ്ദേഹം ക്ഷേത്രത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്നാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വിമര്‍ശനം. ഹരിയാനയിലെ പാനിപ്പത്തില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയെ അഭിസംബോധന ചെയ്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന വാഗ്ദാനം ബിജെപി സര്‍ക്കാര്‍ പാലിക്കുന്നില്ലെന്നും ആരോപിച്ചു.
ത്രിപുരയില്‍ തിരഞ്ഞെടുപ്പ് നടക്കുകയാണ്. അമിത് ഷാ അവിടെ പോയി രാമക്ഷേത്രം പണിയുമെന്നും ക്ഷേത്ര ഉദ്ഘാടനം ജനുവരി 1-ന് ആണെന്നും പറഞ്ഞു. എല്ലാവര്‍ക്കും ദൈവത്തില്‍ വിശ്വാസമുണ്ട്, എന്നാല്‍ നിങ്ങള്‍ അത് തിരഞ്ഞെടുപ്പ് സമയത്ത് പ്രഖ്യാപിക്കുന്നത് എന്തിനാണ്? മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചോദിച്ചു
നിങ്ങളാണോ രാമക്ഷേത്രത്തിലെ പൂജാരി, നിങ്ങളാണോ രാമക്ഷേത്രത്തിന്റെ മഹന്ത്? മഹാന്മാരും സാധുമാരും സന്യാസിമാരും അതിനെക്കുറിച്ച് സംസാരിക്കട്ടെ. ക്ഷേത്രം തുറക്കുന്നതിനെക്കുറിച്ച് സംസാരിക്കാന്‍ നിങ്ങള്‍ ആരാണ്? നിങ്ങള്‍ ഒരു രാഷ്ട്രീയക്കാരനാണ്. രാജ്യത്തെ സുരക്ഷിതമാക്കുക, ക്രമസമാധാനം നിലനിര്‍ത്തുക, ജനങ്ങള്‍ക്ക് ഭക്ഷണം ഉറപ്പാക്കുക, കര്‍ഷകര്‍ക്ക് മതിയായ വില നല്‍കുക എന്നിവയാണ് നിങ്ങളുടെ ജോലി. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നുവെങ്കിലും നടന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
”അവര്‍ (ബിജെപി) കഠാരയുമായി കറങ്ങുകയും സമൂഹത്തെ ഭിന്നിപ്പിക്കുകയും ജാതികളെയും മതങ്ങളെയും പരസ്പരം എതിര്‍ക്കുകയും ചെയ്യുന്നു,രാഹുലിന്റെ ഭാരത് ജോഡോ യാത്ര ആ വിഭജനം ഇല്ലാതാക്കാനാണ് ലക്ഷ്യമിടുന്നത്,ഇത് വോട്ടിന് വേണ്ടിയല്ല. ഇത് ദേശീയ താല്‍പ്പര്യമാണ്, ഇത് കര്‍ഷകരുടെയും യുവാക്കളുടെയും സ്ത്രീകളുടെയും ദളിതരുടെയും താല്‍പ്പര്യമാണ്, ”അദ്ദേഹം പറഞ്ഞു.
മാര്‍ച്ചില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ത്രിപുരയിലെ സബ്‌റൂമില്‍ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് അമിത് ഷാ വ്യാഴാഴ്ച ക്ഷേത്ര വിഷയത്തില്‍ കോണ്‍ഗ്രസിനെയും രാഹുലിനെയും വിമര്‍ശിച്ചിരുന്നു. ക്ഷേത്ര നിര്‍മ്മാണം വേഗത്തിലാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചിരുന്നു.