ന്യൂഡല്‍ഹി: അയോദ്ധ്യയിലെ രാമക്ഷേത്ര പ്രശ്‌നം വിശ്വാസത്തെ സംബന്ധിക്കുന്നതും ശബരിമലയിലെ പ്രശ്‌നം ആചാരങ്ങളെ സംബന്ധിക്കുന്നതുമാണെന്നും രണ്ടും കൂട്ടിക്കുഴയ്‌ക്കേണ്ട ആവശ്യമില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം.

തന്റെ പുതിയ പുസ്തകമായ ‘അന്‍ഡോന്റ്റിഡ്: സേവിങ് ദി ഐഡിയ ഓഫ് ഇന്ത്യ’യുടെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ലേഖനങ്ങളുടെ സമാഹാരമാണ് പുസ്തകം. ഡല്‍ഹിയിലെ നെബ്രു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറിയിലായിരുന്നു പ്രകാശനം.

‘രാമക്ഷേത്രം ആചാരങ്ങളുടെ പ്രശ്‌നമല്ല, വിശ്വാസത്തിന്റെ പ്രശ്‌നമാണ്. എന്നാല്‍ ശബരിമല ആചാരങ്ങളുടെ വിഷയമാണ്. ആധുനിക ഭരണഘടനാ മൂല്യങ്ങളെ എതിര്‍ക്കുന്ന ഒന്നാണത്,’ മുന്‍ കേന്ദ്ര ധനമന്ത്രിയും ആഭ്യന്തരമന്ത്രിയും ആയിരുന്ന ചിദംബരം വ്യക്തമാക്കി.

രാമനിലും അദ്ദേഹത്തിന്റെ ജന്മഭൂമിയിലും വിശ്വാസമര്‍പ്പിക്കുന്നവരുടെ വിശ്വാസങ്ങളെ ദുര്‍വിനിയോഗം ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയത്തില്‍ താന്‍ സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവെന്നും എന്നാല്‍ സാധാരണക്കാരായ സ്ത്രീകളെയും പുരുഷന്മാരെയും പാര്‍ട്ടി പ്രവര്‍ത്തകരെയും അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതില്‍ നിന്ന് എങ്ങനെ തനിക്ക് തടയാനാകുമെന്നും അദ്ദേഹം ചോദിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook