/indian-express-malayalam/media/media_files/uploads/2021/09/Sri-Ram-temple-Ayodhya.jpg)
ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണപ്രവൃത്തി പുരോഗമിക്കുന്നത് അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ്, 2023 ഡിസംബറില്‍ പൊതുജനങ്ങള്‍ക്കായി തുറക്കാന്‍ ലക്ഷ്യമിട്ട്. നിശ്ചയിച്ച സമയക്രമത്തില്‍ നടക്കുന്ന പദ്ധതിയുടെ സ്ഥലത്തെ നികത്തല്‍ പ്രവൃത്തികള്‍ പൂര്‍ത്തിയായി.
''അയോധ്യയിലെ ക്ഷേത്രനിര്‍മാണം സംബന്ധിച്ച അവലോകന യോഗം ഓഗസ്റ്റ് 27-29 തിയതികളില്‍ നടന്നു. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിശ്ചയിച്ച സമയക്രമത്തിലാണു നടക്കുന്നതെന്നു വിലയിരുത്തി. 2023 ഓടെ ഭക്തര്‍ക്ക് ശ്രീരാമദര്‍ശനം സാധ്യമാക്കാനുള്ള പദ്ധതി പ്രാവര്‍ത്തികമാകുമെന്നാണ് കരുതുന്നത്,'' ക്ഷേത്രനിര്‍മാണവുമായി ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അവലോകന യോഗത്തില്‍ ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ട്രഷറര്‍ സ്വാമി ഗോവിന്ദ് ദേവ് ഗിരിജി, ജനറല്‍ സെക്രട്ടറി ചമ്പത്ത് റായ്, അംഗങ്ങളായ വിംലേന്ദ്ര മോഹന്‍ പ്രതാപ് മിശ്ര, ഡോ. അനില്‍ മിശ്ര, ക്ഷേത്രനിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ നൃപേന്ദ്ര മിശ്ര എന്നിവര്‍ പങ്കെടുത്തു. ടാറ്റ കണ്‍സള്‍ട്ടിങ് എന്‍ജിനീയേഴ്‌സിന്റെയും ലാര്‍സന്‍ ആന്‍ഡ് ടുബ്രോ ഉദ്യോഗസ്ഥരും പങ്കെടുത്തു.
''നിര്‍മാണസ്ഥലം നികത്തുന്ന പ്രവൃത്തി റെക്കോര്‍ഡ് സമയംകൊണ്ട് പൂര്‍ത്തിയായി. നിര്‍ദേശിച്ച അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുന്നതില്‍ ജില്ലാ അധികാരികളുടെയും സംസ്ഥാന സര്‍ക്കാരിന്റെയും സഹകരണം നിര്‍ണായകമായിരുന്നു,'' ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പൂര്‍ണമായും കല്ലുകൊണ്ട് നിര്‍മിച്ച ഘടനയുടെ ദീര്‍ഘായുസ് ഉറപ്പുവരുത്തിയിട്ടുണ്ട്. മണ്ണുപരിശോധനയ്ക്കു ശേഷം 12 മീറ്റര്‍ ആഴത്തില്‍ കുഴിയെടുത്താണ് അടിത്തറ പണിയാന്‍ നിര്‍മാണസംഘം തീരുമാനിച്ചത്. 18,500 ചതുരശ്ര മീറ്റര്‍ വരുന്ന നിര്‍മാണസ്ഥലത്തിന്റെ അടിത്തറ വിദഗ്ദ്ധ സമിതിയുടെ നിര്‍ദേശപ്രകാരം 'എന്‍ജിനീഡ് ഫില്‍' (റോളര്‍ കോംപാക്റ്റ് കോണ്‍ക്രീറ്റ്) ഉപയോഗിച്ച് നിറച്ചു. 44.5 ലക്ഷം ക്യുബിക് അടി എന്‍ജിനീഡ് ഫില്‍ ആണ് ഉപയോഗിച്ചതെന്നും പുറംഭാഗത്ത് ഉയര്‍ന്ന നിലവാരമുള്ള മണ്ണ് നിറച്ചതായും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഭൂകമ്പത്തെ പ്രതിരോധിക്കുന്ന തരത്തില്‍ നിര്‍മിക്കുന്ന ക്ഷേത്രത്തിന്റെ സമഗ്രമായ ഘടനാപരമായ വിശകലനം നടത്തിയിട്ടുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. ഭൂകമ്പസാധ്യത മറികടക്കുന്നതിനു കമ്പ്യൂട്ടവര്‍കൃത സ്റ്റിമുലേഷന്‍ ആവിഷ്‌കരിച്ചശേഷമാണു റൂര്‍ക്കിയിലെ സെന്‍ട്രല്‍ ബില്‍ഡിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സിബിആര്‍ഐ) അന്തിമ രൂപകല്‍പ്പന നിര്‍വഹിച്ചതെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
എന്‍ജിനീഡ് ഫില്ലിനു മുകളില്‍ അഞ്ച് അടി കട്ടിയില്‍ റാഫ്റ്റ് നിര്‍മിക്കും. ഇതിന്റെ ഡിസൈനും ഡ്രോയിങ്ങും പൂര്‍ത്തിയായതായും ഏകദേശം മൂന്നു ലക്ഷം ക്യുബിക് അടി കോണ്‍ക്രീറ്റ് നിര്‍മാണത്തിന് ഉപയോഗിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. റാഫ്റ്റ് നിര്‍മാണം ഉടന്‍ ആരംഭിച്ച് ഒക്ടോബറോടെ പൂര്‍ത്തിയായേക്കും. ഇതിനു മുകളിലാണ് സ്തംഭപാദം നിര്‍മിക്കേണ്ടത്. 16 അടി ഉയരമുള്ള ഇതിന്റെ നിര്‍മാണത്തിനു മിര്‍സാപൂര്‍ കല്ലുകളാണ് ഉപയോഗിക്കുക. വെള്ളത്തെ പ്രതിരോധിക്കുന്നതിനു ചുറ്റും ഗ്രാനൈറ്റ് മൂന്ന് പാളികളായി സ്ഥാപിക്കുമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പര്‍ക്കോട്ടയ്ക്കു പുറത്തുള്ള മുഴുവന്‍ കാമ്പസിനായി പ്രാഥമിക മാസ്റ്റര്‍പ്ലാന്‍ തയാാറാക്കിയിട്ടുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു. തീര്‍ത്ഥാടന സൗകര്യ കേന്ദ്രം, മ്യൂസിയം, ആര്‍ക്കൈവ്‌സ്, റിസര്‍ച്ച് സെന്റര്‍, ഓഡിറ്റോറിയം, ഗോശാല, യാഗശാല, അഡ്മിനിസ്‌ട്രേറ്റീവ് കെട്ടിടം തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. കുബേര്‍ തില, സീത കൂപ്പ് തുടങ്ങിയ പൈതൃക കെട്ടിടങ്ങളുടെസംരക്ഷണത്തിലും വികസനത്തിലും മാസ്റ്റര്‍പ്ലാനില്‍ പ്രത്യേക ഊന്നലുണ്ടെന്നു വൃത്തങ്ങള്‍ പറഞ്ഞു. സീറോ ഡിസ്ചാര്‍ജ് ആശയം, ഗ്രീന്‍ ബില്‍ഡിങ് സവിശേഷതകള്‍ എന്നിവയിലാണ് സമുച്ചയം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Also Read: ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയം വീണ്ടും നീട്ടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.