ന്യൂഡല്‍ഹി: അയോധ്യയില്‍ ഒരുങ്ങുന്ന രാമക്ഷേത്രം 2024 ജനുവരി ഒന്നിനു ഭക്തര്‍ക്കായി സജ്ജമാകുമെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രഖ്യാപനത്തിനു പിന്നാലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലായി. ഡിസംബര്‍ 21-നും ജനുവരി 14-നും ഇടയില്‍ രാമവിഗ്രഹം സ്ഥാപിക്കാനാണ് നിലവിലെ തീരുമാനം.
രാമക്ഷേത്ര നിർമാണത്തിനായി രൂപീകരിച്ച ട്രസ്റ്റായ ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കാണാന്‍ മാധ്യമങ്ങളെ ക്ഷണിച്ചിരുന്നു. 550 തൊഴിലാളികൾ രണ്ട് ഷിഫ്റ്റുകളിലായാണു ജോലി ചെയ്യുന്നത്. 2020 ഓഗസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ക്ഷേത്രത്തിന് തറക്കല്ലിട്ടത്.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ പുരോഗതി തൃപ്തി നല്‍കുന്നതായി ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത്ത് റായ് പറഞ്ഞു. “കരകൗശല വിദഗ്ധരും സൂപ്പർവൈസർമാരും എൻജിനീയര്‍മാരും ചേർന്ന് 2023-ൽ ക്ഷേത്രത്തിന്റെ താഴത്തെ നിലയുടെ പണി പൂർത്തിയാക്കുമെന്ന് ഉറപ്പുണ്ട്. മുഹൂർത്തം അനുസരിച്ച് ഡിസംബർ 21 നും മകരസംക്രാന്തിക്കും ഇടയിൽ വിഗ്രഹപ്രതിഷ്ഠാ ചടങ്ങ് നടത്തും,” റായ് വ്യക്തമാക്കി.

വിഗ്രഹം പ്രതിഷ്ഠിച്ചു കഴിഞ്ഞാല്‍ ഭക്തജനങ്ങള്‍ക്കായി ക്ഷേത്രം തുറന്നുകൊടുക്കുമെന്നും റായ് അറിയിച്ചു. അമിത് ഷാ നല്‍കിയ സമയപരിധി സംബന്ധിച്ച് ഇപ്പോള്‍ ചിന്തിച്ചിട്ടില്ലെന്നും റായ് കൂട്ടിച്ചേര്‍ത്തു.

ശ്രീകോവിലിന്റെ നിര്‍മാണത്തിന് മുന്‍തൂക്കം നല്‍കിയുള്ള ജോലികളാണ് സൈറ്റില്‍ പുരോഗമിക്കുന്നത്. ഈ വർഷം ഒക്ടോബറോടെ ക്ഷേത്രത്തിന്റെ താഴത്തെ നില സജ്ജമാകുമെന്ന് റായ് പറഞ്ഞു. ഓരോ നിരയിലും വിവിധ ദൈവങ്ങളുടെ 16 വിഗ്രഹങ്ങൾ കൊത്തിവയ്ക്കും.

ശ്രീകോവിലിനുള്ളിൽ, രാമനവമി നാളിൽ ഉച്ചയോടെ സൂര്യരശ്മികൾ വിഗ്രഹത്തിന്റെ നെറ്റിയിൽ എത്തുന്ന തരത്തിലായിരുന്നു വിഗ്രഹം സ്ഥാപിക്കുക. ഇതിനായി റൂർക്കിയിലെ സെൻട്രൽ ബിൽഡിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സിബിആർഐ) പരീക്ഷണം നടത്തിയിരുന്നു.