തിരുവനന്തപുരം: രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളുടെ ക്ഷേമത്തിനും കോവിഡ് പ്രതിരോധത്തിനുമാണ് ഇപ്പോൾ പ്രാധാന്യം നൽകേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
“ഇന്ന് രാജ്യത്തു കോവിഡ് ബാധിതർ 19 ലക്ഷം കവിഞ്ഞിരിക്കുന്നു. കോവിഡ് പ്രതിസന്ധി എങ്ങനെ മറികടക്കാമെന്നാണ് ഇപ്പോൾ കാര്യമായി ആലോചിക്കേണ്ടത്. ജനങ്ങൾ ദാരിദ്ര്യത്തിലാണ്. അവർക്ക് സാന്ത്വനം നൽകാൻ സാധിക്കണം. അത്തരം കാര്യങ്ങളാണ് ഇപ്പോൾ ചിന്തിക്കേണ്ടത്. ഇത്തരം നടപടികളുമായി മുന്നോട്ടുപോകാണ് സംസ്ഥാന സർക്കാർ ആലോചിക്കുന്നത്. രാമക്ഷേത്ര നിർമാണവും മറ്റു കാര്യങ്ങളും പിന്നീട് ആലോചിക്കാമല്ലോ,” പിണറായി പറഞ്ഞു.
Read Also: രാമക്ഷേത്രം: പ്രിയങ്കയോടുള്ള വിയോജിപ്പ് രണ്ട് വരിയിലൊതുക്കി ലീഗ്
രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട കോൺഗ്രസ് നിലപാടിനെയും മുഖ്യമന്ത്രി വിമർശിച്ചു. “പ്രിയങ്ക ഗാന്ധിയുടെ നിലപാടിൽ അത്ഭുതമൊന്നും തോന്നുന്നില്ല. കോൺഗ്രസ് എന്നും മൃദുഹിന്ദുത്വ സമീപനമാണ് കാണിച്ചിട്ടുള്ളത്. എല്ലാക്കാലത്തും അത് തന്നെയാണ് അവർ ചെയ്‌തിട്ടുള്ളത്. കോൺഗ്രസിനു മതനിരപേക്ഷയുടെ കാര്യത്തിൽ വ്യക്തമായ നിലപാടുണ്ടായിരുന്നെങ്കിൽ രാജ്യത്ത് ഈ ഗതി വരില്ലായിരുന്നു,” പിണറായി പറഞ്ഞു.
Read Also: രാമക്ഷേത്രത്തിനുള്ള പോരാട്ടത്തെ സ്വാതന്ത്ര്യ സമരത്തോട് ഉപമിച്ച് പ്രധാനമന്ത്രി
അയോധ്യയിലെ ബാബറി മസ്‌ജിദ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് മുൻ പ്രധാനമന്ത്രിമാരായ രാജീവ് ഗാന്ധിയും നരസിംഹറാവുവും സ്വീകരിച്ച നിലപാടും പിണറായി ഓർമിപ്പിച്ചു. “അയോധ്യയിൽ കർസേവ നടത്താനും ശിലാസ്ഥാപനത്തിനും അനുമതി നൽകിയത് രാജീവ് ഗാന്ധിയാണ്. ബാബറി മസ്‌ജിദ് തകർക്കുന്ന സമയത്ത് നരസിംഹറാവുവായിരുന്നു പ്രധാനമന്ത്രി. നിസംഗതയോടെയാണ് നരസിംഹറാവു ഇതിനെ സമീപിച്ചത്. ബാബറി മസ്‌ജിദ് പൊളിക്കുന്ന സമയത്ത് കണ്ണടച്ചിരുന്ന് നിഷ്‌ക്രിയത്വത്തിലൂടെ സാക്ഷ്യം വഹിക്കുകയായിരുന്നു നരസിംഹറാവു ചെയ്‌തത്.” പിണറായി കൂട്ടിച്ചേർത്തു.