ഹരിയാന: ബലാൽസംഗക്കേസിൽ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചാൽ നാട് കത്തിക്കാൻ 5 കോടി രൂപ മുടക്കിയതായി വെളിപ്പെടുത്തൽ. പഞ്ചാബിലെ ദേര സംഘത്തിന്റെ തലവന് കലാപം നടത്താൻ ദേര മാനേജ്മെന്റ് 5 കോടി രൂപ നൽകിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ദേരയുടെ പഞ്ച്കുള ബ്രാഞ്ച് തലവൻ ചംകൗർ സിംഗാണ് ദേര മാനേജ്മെന്റിൽനിന്നു പണം വാങ്ങി വിതരണം നടത്തിയത്. ഇയാൾ പഞ്ചാബിലെ മൊഹാലി സ്വദേശിയാണ്. ഓഗസ്റ്റ് 28ന് രാജ്യദ്രോഹ കുറ്റം ചുമത്തിയതിനെ തുടർന്ന് ചംകൗറും കുടുംബവും ഒളിവിലാണ്.
കലാപം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയത്. ദേരയ്ക്കു പുറമേ പഞ്ചാബ് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ഗുർമീതിന്റെ സഹായികൾ പണം വിതരണം ചെയ്തു. കലാപത്തിനിടെ ജീവൻ നഷ്ടപ്പെട്ടാൽ കനത്ത നഷ്ടപരിഹാരം നൽകാമെന്ന് ദേര മാനേജ്മെന്റ് സമ്മതിച്ചിരുന്നതായും അനുയായികൾ വെളിപ്പെടുത്തി. കലാപം ഉണ്ടാക്കാൻ വൻ ആയുധശേഖരമാണ് പഞ്ച് കുളയിൽ എത്തിച്ചതെന്നും പൊലീസിന്റെ സമയോചിതമായ ഇടപെടലാണ് വലിയൊരു ദുരന്തത്തിൽ നിന്ന് നാടിനെ രക്ഷിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
ബലാൽസംഗക്കേസിൽ ഗുർമീത് റാം റഹീം സിങ് കുറ്റക്കാരനാണെന്ന് വിധിച്ചതിന് പിന്നാലെ നടന്ന കലാപത്തിൽ 38 പേരാണ് കൊല്ലപ്പെട്ടത്. 300 ഓളം പേർക്ക് പരിക്കേറ്റിരുന്നു. ഗവൺമെന്റ് സ്ഥാപനങ്ങളും മാധ്യമങ്ങളുടെ വാഹനങ്ങളും ഗുർമീത് അനുയായികൾ അഗ്നിക്കിരയാക്കുകയും ചെയ്തു. കേസിൽ 20 വർഷത്തെ കഠിനതടവാണ് ഗുർമീതിനു വിധിച്ചിട്ടുള്ളത്.