ചണ്ഡിഗഡ്: ദേരാ സച്ച സൗദാ തലവൻ ഗുര്‍മീത് റാം റഹീം സിങ്ങിന്റെ ദത്തുപുത്രി എന്നറിയപ്പെടുന്ന ഹണിപ്രീത് ഹരിയാനയിലെ 45 നോട്ടപ്പുള്ളികളില്‍ ഒരാള്‍. റാം റഹീമിനെതിരായി കോടതി വിധി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഹരിയാനയില്‍ നടന്ന കലാപത്തില്‍ പങ്കുണ്ടെന്നു പറയുന്നവരിലാണ് ഹണിപ്രീതിന്റെ പേരും.

കോടതിവിധിക്കു ശേഷം ഹരിയാനയില്‍ നടന്ന കലാപത്തില്‍ 38 ജീവനുകളാണ് പൊലിഞ്ഞത്. റാം റഹീമിന്റെ ദത്തുപുത്രിയെന്ന് പരക്കെ അറിയപ്പെടുന്ന ഹണിപ്രീത് ‘പപ്പയുടെ മാലാഖ’ എന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. കോടതി വിധി വന്ന ദിവസം മുതല്‍ ഹണിപ്രീത് ഒളിവിലാണ്. പഞ്ച്കുലയില്‍ നിന്നും രോഹ്തക് ജയിലിലേക്ക് ഗുര്‍മീതിനെ കൊണ്ടുപോയിരുന്ന വണ്ടിയില്‍ ഹണിപ്രീതും ഉണ്ടായിരുന്നു. ഇവര്‍ ഗുര്‍മീതിനെ രക്ഷപ്പെടാന്‍ സഹായിച്ചിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

ഹണിപ്രീതിനായുള്ള തിരച്ചിലിന്റെ ഭാഗമായി പൊലീസ് അതിര്‍ത്തിയിലേക്കും സംഘങ്ങളെ അയച്ചിട്ടുണ്ട്. ഇവര്‍ നേപ്പാളിലേക്ക് കടന്നിട്ടുണ്ടാകാമെന്ന് പൊലീസ് സംശയിക്കുന്നത്. ഇവരുടെ ചിത്രങ്ങൾ പൊലീസ് വിതരണം ചെയ്യുകയും, ബുര്‍ഖയോ മുഖംമൂടിയോ ധരിച്ചിട്ടുള്ള സ്ത്രീകളെ സൂക്ഷമമായി നിരീക്ഷിക്കാനും പൊലീസ് ഉത്തരവ് നല്‍കിയിട്ടുണ്ട്.

റാം റഹീമിനെതിരായ കോടതിവിധിയെ തുടര്‍ന്ന് പൊലീസ് ഇയാളുടെ കൂടുതല്‍ അനുനായികളെ അറസ്റ്റ് ചെയ്യുകയും കാണാതായവരുടെ ചിത്രങ്ങള്‍ വിതരണം ചെയ്ത് തിരച്ചില്‍ നടത്തുകയും ചെയ്യുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook