ന്യൂഡൽഹി: സ്വയം പ്രഖ്യാപിത ആള്‍ ദൈവം ഗുര്‍മീത് റാം റഹിം ലൈംഗിക പീഡനക്കേസില്‍ കുറ്റക്കാരനാണെന്ന് പഞ്ച്കുലയിലെ സിബിഐ കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് നടന്ന അക്രമ സംഭവങ്ങളില്‍ 30 പേര്‍ കൊല്ലപ്പെടുകയും 250ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 15 വര്‍ഷങ്ങള്‍ക്കുമുമ്പ് ദേര സച്ച സൗദയിലെ ഒരു സന്യാസിനി അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്ക് അയച്ച കത്താണ് ഗുര്‍മീത് റാം റഹീം സിങ് ശിക്ഷിക്കപ്പെടാന്‍ ഇടയാക്കിയത്. ഗുര്‍മീത് തന്നെ ലൈംഗികമായി ചൂഷണം ചെയ്യുന്നു എന്ന പരാതിപ്പെട്ടായിരുന്നു സന്യാസിനിയായിരുന്ന പെണ്‍കുട്ടിയുടെ കത്ത്. പഞ്ചാബ്, ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസിനെയും അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു കത്തെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

റാം റഹിമിന്റെ ആശ്രമത്തിലെ സന്യാസിനിയാണ് താനെന്നും ഗുര്‍മീത് തന്നെ ലൈംഗികമായി ചൂഷണം ചെയ്യുകയാണെന്നും ചൂണ്ടിക്കാട്ടി ആയിരുന്നു കത്ത്. തന്‍റെ കുടുംബം ഗുര്‍മീതിന്‍റെ ഉറ്റ അനുയായികളാണെന്നും അതുകൊണ്ടാണ് താനും സന്യാസിനിയായതെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു. താൻ മാത്രമല്ല, തന്നെ പോലെ നിരവധി പെണ്‍കുട്ടികളെയും ഗുര്‍മീത് റാം റഹിം ചൂഷണം ചെയ്യുന്നുണ്ടെന്നും കത്തില്‍ പറഞ്ഞിരുന്നു.

‘മഹാരാജിന് ഇതുപോലെ ആകാന്‍ പറ്റുമെന്ന് ഞാന്‍ സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല. മഹാരാജ് എന്നെ അടുത്തിരുത്തി കുടിക്കാന്‍ വെള്ളം തന്നു. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട സന്യാസിനിയായി എന്നെ തെരഞ്ഞെടുത്തുകൊണ്ട് അദ്ദേഹം എന്നെ അനുഗ്രഹിച്ചിരിക്കുന്നു എന്നും പറഞ്ഞു’ കത്തില്‍ പറയുന്നു.

‘ഇത്എന്റെ ആദ്യ ദിനമായിരുന്നു. എന്നെ കയ്യിലെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു അദ്ദേഹം എന്നെ ഒരുപാട് സ്‌നേഹിക്കുന്നുണ്ടെന്ന് പറഞ്ഞു. ഇതാണോ ദൈവങ്ങള്‍ ചെയ്യുന്നത് എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇതില്‍ പുതിയതായി ഒന്നുമില്ലെന്നും വര്‍ഷങ്ങളായി ഇതാണ് നടക്കുന്നതെന്നുമാണ്. ഭഗവാന്‍ കൃഷ്ണന് 360 ഗോപികമാരുണ്ടായിരുന്നു. അദ്ദേഹം അവരുമായി സ്‌നേഹം പങ്കിടുമായിരുന്നു. എന്നിട്ടും അദ്ദേഹത്തെ ദൈവമായി ആളുകള്‍ ആരാധിക്കുന്നു.’ കത്തില്‍ വ്യക്തമാക്കുന്നു.

താന്‍ അയാളുടെ സ്വത്താണെന്ന് അയാള്‍ തന്നോട് പറഞ്ഞെന്നാണ് കത്തിന്റെ രണ്ടാം പേജില്‍ യുവതി പറയുന്നത്. തന്നെ കൊല്ലാന്‍ കഴിയുമെന്ന് പറഞ്ഞ് അദ്ദേഹം ഭീഷണിപ്പെടുത്തിയതായും യുവതി കത്തില്‍ പറയുന്നുണ്ട്. കൂടാതെ തന്റെ വീട്ടുകാര്‍ക്ക് റാം റഹീമിനില്‍ അമിത വിശ്വാസമുണ്ടെന്നും അതുകൊണ്ട് ഒരിക്കലും അദ്ദേഹത്തിനെതിരെ രംഗത്തുവരില്ലെന്നും പറഞ്ഞതായി കത്തില്‍ പറയുന്നു.

ഏതെങ്കിലും ഏജന്‍സികള്‍ വഴി ഇക്കാര്യം അന്വേഷിക്കണമെന്നാണ് യുവതി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ദേരയുടെ തടവില്‍ ഭീതിയോടെ കഴിയുന്ന 45 ഓളം പെണ്‍കുട്ടികളെ അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിയുമെന്നും അവരെ രഹസ്യമായി ചോദ്യം ചെയ്താല്‍ അവര്‍ എല്ലാം വെളിപ്പെടുത്തുമെന്നും കത്തില്‍ പെണ്‍കുട്ടി പറഞ്ഞിരുന്നു.

ഗുര്‍മീത് റാം റഹിം ലൈംഗിക പീഡനക്കേസില്‍ കുറ്റക്കാരനാണെന്ന് സിബിഐ കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന് നടന്ന അക്രമ സംഭവങ്ങളില്‍ 30 പേര്‍ കൊല്ലപ്പെടുകയും 250ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന നിരവധിയിടങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ