ചണ്ഡിഗഢ്: സിഖ് വിഭാഗമായ ദേരാ സച്ചാ സൗദായുടെ ‘ആത്മീയ’ നേതാവും സ്യയം പ്രഖ്യാപിത ആള്‍ദൈവവുമായ ഗുര്‍മീത് രാം റഹീം സിംഗിനെതിരായ കോടതി വിധി വരാനിരിക്കെ പഞ്ചാബിലും ഹരിയാനയിലും പൊലീസ് സുരക്ഷ ശക്തമാക്കി. 15 വര്‍ഷം മുമ്പ് വിശ്വാസികളായ രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്തെന്ന കേസില്‍ നാളെയാണ് സിബിഐ പ്രത്യേക കോടതി വിധി പറയുക. വിധി പുറത്തുവരുന്ന ചണ്ഡിഗഢില്‍ നിന്നും 15 കി.മി. ദൂരെയുളള പഞ്ച്കുളയില്‍ ഗുര്‍മീതിന്റെ രണ്ട് ലക്ഷത്തോളം വരുന്ന അനുയായികള്‍ സംഘടിച്ച് എത്തിയിട്ടുണ്ട്.
സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ഹരിയാനയില്‍ 72 മണിക്കൂറിനേക്ക് മൊബൈല്‍ ഇന്റര്‍നെറ്റ് നിരോധിച്ചു. കൂടാതെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് 28 ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. സമാധാനം പാലിക്കണമെന്നും കോടതിയില്‍ വിശ്വാസമുണ്ടെന്നും കാത്തിരുന്ന് കാണാമെന്നും ഗുര്‍മീത് പ്രതികരിച്ചു.
ദേരാ സച്ചാ സൗദ ആശ്രമത്തില്‍ മുമ്പ് നടത്തിയ തിരച്ചിലില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. രാജ്യത്തെ മുന്‍ പട്ടാളക്കാരുടെ നേതൃത്വത്തില്‍ സായുധ സേനയുണ്ട് ഇവിടെ. നിയമവിരുദ്ധമായി ആയുധ ശേഖരവുമുണ്ട്. ഇത്തരം സംവിധാനങ്ങള്‍ ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിന് വന്‍ വെല്ലുവിളിയാകുമെന്ന് കോടതി നിരീക്ഷിച്ചിരുന്നു. എന്നാല്‍ ആവശ്യം വന്നാല്‍ സൈന്യത്തിന്റെ സഹായം തേടുമെന്ന് ഹരിയാന സര്‍ക്കാര്‍ വ്യക്തമാക്കി. സംഘര്‍ഷം ഇല്ലാതാക്കാന്‍ എല്ലാ മന്ത്രിമാരും എംഎല്‍എമാരും സ്ഥലത്ത് തന്നെ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ നിര്‍ദേശം നല്കി.
2002ലാണ് അനുയായികളായ രണ്ട് സ്ത്രീകളെ പീഡിപ്പിച്ചതിന് ഗുര്‍മീതിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇയാള്‍ പീഡിപ്പിച്ചതായുളള ഊമക്കത്ത് പുറത്തുവന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇയാളുടെ ആശ്രമത്തില്‍ അനധികൃതമായ 400ല്‍ അധികം പേരെ വന്ധ്യംകരിച്ചതായുളള വാര്‍ത്തകളും പുറത്തുവന്നിരുന്നു.