കൊല്‍ക്കത്ത: ”മുസ്‌ലിമായ ഞാന്‍ ഹിന്ദു ഭൂരിപക്ഷമുള്ള മേഖലയില്‍ പ്രവേശിച്ചതായിരുന്നു ഞാന്‍ ചെയ്ത തെറ്റ്,” 67 കാരനായ അബുല്‍ ബാഷര്‍ പറയുന്നു. അന്ധനായ ബാഷറും ഭാര്യ ബേദനാ ബീവിയേയും ഹിന്ദു മേഖലയില്‍ പ്രവേശിച്ചതിന് ബലമായി ‘ജയ് ശ്രീറാം, ജയ് മാ താര’ മുദ്രാവാക്യങ്ങള്‍ വിളിപ്പിക്കുകയായിരുന്നു. പശ്ചിമ ബംഗാളിലെ അന്ദലിലാണ് സംഭവം.

ബലമായി ദമ്പതികളെ മുദ്രാവാക്യങ്ങള്‍ വിളിപ്പിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്. അതേസമയം, അക്രമത്തിന് പിന്നിലുള്ളത് ഏതെങ്കിലും ഹിന്ദുത്വ സംഘടനകളുമായി നേരിട്ട് ബന്ധമുള്ളവരാണോ എന്നതിനെ കുറിച്ച് വ്യക്തതയില്ല. ചൊവ്വാഴ്ചയായിരുന്നു സംഭവം അരങ്ങേറിയതെന്ന് ബാഷര്‍ പറഞ്ഞു. തൊട്ടടുത്ത ദിവസമായിരുന്നു റാണിഗഞ്ച്, അസന്‍സോള്‍ മേഖലകളില്‍ വർഗീയ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.

എന്നാല്‍ സംഘര്‍ഷത്തെ കുറിച്ച് തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്നും യാചനയ്ക്കായാണ് പ്രദേശത്തെത്തിയതെന്നും വൃദ്ധ ദമ്പതികള്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ”ഞങ്ങള്‍ ബിര്‍ഭൂം, ബുര്‍ദ്വാന്‍ മേഖലയില്‍ പലയിടത്തും പോകാറുണ്ട്. പക്ഷെ അന്ദലില്‍ ചിലര്‍ വന്ന് എന്റെ തൊപ്പി തട്ടിപ്പറിക്കുകയായിരുന്നു. ഞങ്ങള്‍ മുസ്ലിമുകളാണ്, ഹിന്ദുക്കളുടെ മേഖലയില്‍ പ്രവേശിച്ചതു കൊണ്ട് കൊന്നുകളയുമെന്ന് അവര്‍ പറഞ്ഞു. എന്നേയും ഭാര്യയേയും അവര്‍ മര്‍ദ്ദിച്ചു. ഞങ്ങളെ വെറുതെ വിടണമെന്നും ഇനിയൊരിക്കലും ഇവിടേക്ക് വരില്ലെന്നും ഭാര്യ അവരോട് കരഞ്ഞ് പറഞ്ഞു” ബാഷര്‍ പറയുന്നു.

”ഞങ്ങള്‍ക്ക് കണ്ണ് കാണില്ലെന്നും യാചിക്കാന്‍ വന്നതാണെന്നും അവരോട് പറഞ്ഞു. ഞങ്ങളെ പോകാന്‍ അനുവദിക്കുന്നതിന് പകരം ‘ജയ് ശ്രീറാം, ജയ് മാ താര’ എന്ന് വിളിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ഭഗവാനും അള്ളാഹുവും ഒന്നു തന്നെയാണെന്ന് ഞാനവരോട് പറഞ്ഞു. പക്ഷെ ജീവനില്‍ കൊതിയുള്ളതിനാല്‍ ഞങ്ങള്‍ക്ക് അവരെ അനുസരിക്കേണ്ടി വന്നു” ബാഷര്‍ പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ഓം എന്നെഴുതിയ കാവി കൊടി ബാഷറിനെ കൊണ്ട് പിടിപ്പിച്ചിരിക്കുന്നതായി കാണാം. അതേസമയം പ്രദേശത്തെ സംഘര്‍ഷത്തെ കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നും അറിഞ്ഞിരുന്നുവെങ്കില്‍ അവിടേക്ക് വരില്ലായിരുന്നുവെന്നും അദ്ദേഹം പറയുന്നു. അതേസമയം, സംഭവത്തെ കുറിച്ച് അറിയില്ലെന്നും പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നുമാണ് അന്ദല്‍ പൊലീസ് നല്‍കുന്ന വിശദീകരണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook