/indian-express-malayalam/media/media_files/uploads/2017/05/ayodhya.jpg)
ന്യൂഡൽഹി: അയോദ്ധ്യയിലെ തർക്ക ഭൂമിയിൽ നിന്ന് കേവലം ആറ് കിലോമീറ്റർ അകലെ സരയു നദിക്കരയിൽ 225 കോടി രൂപ മുതൽ മുടക്കിൽ ഒരു മ്യൂസിയം വരുന്നു. റാം- രാമായണ മ്യൂസിയം. 25 ഏക്കർ വിസ്തൃതി പ്രദേശത്ത് നിർമിക്കാനൊരുങ്ങുന്ന പ്രസ്തുത മ്യൂസിയത്തിൽ ക്ഷേത്ര സമാനമായ അന്തരീക്ഷമാണ് വിഭാവനം തെയ്തിരിക്കുന്നത്. ഭജനകളും യാഗങ്ങളും മ്യൂസിയം മെനുവിൽ ഇടം നേടിക്കഴിഞ്ഞു. തർക്കഭൂമിയിൽ ക്ഷേത്രം നിർമിക്കുന്നതിനായുള്ള മുന്നൊരുക്കമാണ് മ്യൂസിയത്തിന്റെ ലക്ഷ്യമെന്നാണ് വിലയിരുത്തപ്പെടുന്നത്. മ്യൂസിയത്തിന്റെ ധാരണാ പത്രം പിടിഐ പുറത്തു വിട്ടു.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അയോദ്ധ്യയിൽ ഒരു റാം മ്യൂസിയം എന്ന ആശയം ആദ്യമായി പ്രകടിപ്പിക്കുന്നത്. മ്യൂസിയത്തിനായി അയോദ്ധ്യയിൽ സ്ഥലം കണ്ടെത്തുകയും ചെയ്തു. എന്നാൽ അഖിലേഷ് യാദവ് സർക്കാർ മ്യൂസിയത്തിനായി സ്ഥലം അനുവദിക്കാൻ തയ്യാറായിരുന്നില്ല. എന്നാൽ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ മൃഗീയ ഭൂരിപക്ഷവുമായി അധികാരത്തിലേറിയ യോഗി ആദിത്യനാഥ് സർക്കാർ പദ്ധതിക്ക് പച്ചക്കൊടി കാണിക്കുകയായിരുന്നു.
പിടിഐ പുറത്തു വിട്ട ധാരണാ പത്രപ്രകാരം അയോദ്ധ്യയിലെ തർക്ക പ്രദേശത്ത് നിന്ന് ആറ് കിലോമീറ്റർ മാത്രം അകലെയാണ് റാം ദർബാർ എന്ന പേരിടാൻ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ഭൂമിയിൽ റാം-രാമായണ മ്യൂസിയം വരുന്നത്. 225 കോടി രൂപ ചിലവിട്ട് നിർമിക്കുന്ന മ്യൂസിയം അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് പ്രവർത്തിക്കുക. വെർച്വൽ റിയാലിറ്റിയും ത്രീഡി ഡിസ്പേകളും എല്ലാം രാമ ചരിതങ്ങൾ പ്രദർശിപ്പിക്കാൻ സജ്ജീകരിക്കും.
ഒരേ സമയം ഭക്തർക്കും ടൂറിസ്റ്റുകൾക്കും വേണ്ടിയാണ് മ്യൂസിയം നിർമിക്കുന്നതെന്ന ധാരണ പത്രത്തിൽ പറയുന്നത്. രാമക്ഷേത്രത്തിനോട് സമാനമായ പ്രാർത്ഥനകളും യാഗങ്ങളും ഇവിടെ നടക്കുമെന്നും ധാരണാ പത്രം തയ്യാറാക്കിയ രാമായണ സർക്യൂട്ട് ചെയർപേഴ്സൺ റാം ഔതർ വ്യക്തമാക്കുന്നു. ശ്രരാമൻ കേവലം പുരാണ കഥാപാത്രം മാത്രമല്ലന്നും ചരിത്രപുരുഷൻ ആണെന്നുമാണ് റാം ഔതർ അവകാശപ്പെടുന്നത്. രാമന്റെ ശിക്ഷണങ്ങൾ ഹിന്ദുക്കൾക്ക് വേണ്ടി മാത്രള്ളതല്ലെന്നും ലോകത്തെ എല്ലാ മനുഷ്യർക്കും വേണ്ടിയുള്ളതാണെന്ന് അവകാശപ്പെട്ട റാം ഔതർ ശ്രീ രാമന്റെ ആശയങ്ങളുടെ ശാസ്രീയത തെളിയിക്കുന്ന പ്രദർശങ്ങളും മ്യൂസിയത്തിൽ ഉണ്ടാകുമെന്ന് ധാരണാ പത്രത്തിൽ വ്യക്തമാക്കുന്നു.
18 മാസങ്ങൾ കൊണ്ട് മ്യൂസിയത്തിന്റെ നിർമാണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ധാരണ പത്രത്തിൽ പറയുന്നു. അതായത് 2018 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുൻപായി റാം മ്യൂസിയം തുറക്കാനാണ് കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നതെന്ന് വ്യക്തം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.