ന്യൂഡല്‍ഹി: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയെ ക്ഷണിച്ച ഗവര്‍ണര്‍ വാജുഭായ് വാലയുടെ നടപടി സ്റ്റേ ചെയ്യാതിരുന്ന സുപ്രീം കോടതി വിധിക്കെതിരെ മുതിര്‍ന്ന അഭിഭാഷകന് രാം ജേഠ്മലാനി ഹര്‍ജി സമര്‍പ്പിച്ചു. ഗവര്‍ണറുടെ നടപടി ഭരണഘടനാ വ്യവസ്ഥയെ അപമാനിക്കലാണെന്ന് പറഞ്ഞ അദ്ദേഹം ഗവര്‍ണറുടെ ഓഫീസിന് ഈ നടപടി അപകീര്‍ത്തിയാണെന്നും കൂട്ടിച്ചേര്‍ത്തു. ഹര്‍ജി വെളളിയാഴ്ച പരിഗണിക്കാമെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഹര്‍ജി കേസ് പരിഗണിക്കുന്ന ബെഞ്ചിന് മുമ്പില്‍ അവതരിപ്പിക്കാനും ആവശ്യപ്പെട്ടു.
കേവല ഭൂരപക്ഷം ആര്‍ക്കും ഇല്ലാതിരിക്കെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തെ തളളി ബിജെപിയെ ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചതോടെയാണ് കര്‍ണാടകയിലെ രാഷ്ട്രീയ സാഹചര്യം കൂടുതല്‍ മോശമായത്. ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസമാണ് ഗവര്‍ണര്‍ നല്‍കിയത്. എന്നാല്‍ ഇതിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും സത്യപ്രതിജ്ഞ സ്റ്റേ ചെയ്യാന്‍ കോടതി തയ്യാറായില്ല.
കർണാടക ഗവർണർ വാജുഭായ് വാലയുടേത് ഇന്ത്യൻ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന നടപടിയാണെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണിയും വിമര്‍ശിച്ചിട്ടുണ്ട്. യെഡിയൂരപ്പയെ സർക്കാർ രൂപീകരിക്കാൻ വിളിച്ച ഗവർണറുടെ നടപടി അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. ഗവർണർ സാമാന്യ മര്യാദ പോലും പാലിച്ചില്ല. ഗവർണറുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അതിന്റെ ചെറിയ തുടക്കമാണ് വിധാൻ സൗധയിൽ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം 117 പേരുടെ പിന്തുണക്കത്ത് ഗവർണർക്കു നൽകിയിരുന്നു. എന്നാൽ 104 പേരുടെ പിന്തുണയുള്ള യെഡിയൂരപ്പയെയാണ് ഗവർണർ സർക്കാർ രൂപീകരിക്കാൻ വിളിച്ചത്. വോട്ടർമാരുടെ പിന്തുണയും കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിനാണുള്ളത്. കോണ്‍ഗ്രസിന് 38 ശതമാനം വോട്ടും ജെഡിഎസിന് 15 ശതമാനം വോട്ടും ലഭിച്ചിരുന്നു. എന്നാൽ ബിജെപിക്കു 36 ശതമാനം വോട്ടാണ് ലഭിച്ചതെന്നും ആന്റണി കൂട്ടിച്ചേർത്തു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook