അയോധ്യ: രാമജന്മഭൂമി ട്രസ്റ്റ് മേധാവി മഹന്ത് നൃത്യ ഗോപാൽ ദാസിന് കോവിഡ്-19 സ്ഥിരീകരിച്ചു. അയോധ്യയിലെ രാമക്ഷേത്ര ഭൂമിപൂജയ്‌ക്ക് പിന്നാലെയാണ് ഇദ്ദേഹത്തിനു കോവിഡ് സ്ഥിരീകരിക്കുന്നത്. കഴിഞ്ഞയാഴ്‌ച നടന്ന രാമക്ഷേത്ര ഭൂമിപൂജ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം മഹന്ത് നൃത്യ ഗോപാൽ ദാസ് വേദി പങ്കിട്ടിരുന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവർണർ ആനന്ദിബെൻ പട്ടേൽ എന്നിവരും കോവിഡ് സ്ഥിരീകരിച്ച ട്രസ്റ്റ് മേധാവിക്കൊപ്പം വേദി പങ്കിട്ടിരുന്നു.

Read Also: ബെംഗളൂരു സംഘർഷം: എസ്‌ഡിപി‌ഐയ്‌ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നു

ഓഗസ്റ്റ് അഞ്ചിനാണ് രാമക്ഷേത്ര ഭൂമിപൂജ ചടങ്ങുകൾ നടന്നത്. സ്ഥിതിഗതികൾ വളരെ ശ്രദ്ധയോടെ നിരീക്ഷിക്കണമെന്ന് യുപി സർക്കാർ മഥുര ജില്ലാ ഭരണകൂടത്തിനും ആരോഗ്യവകുപ്പിനും നിർദേശം നൽകിയിട്ടുണ്ട്. മഹന്ത് നൃത്യ ഗോപാൽ ദാസിന്റെ ആരോഗ്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് യുപി മുഖ്യമന്ത്രി ആശുപത്രിയിലെ വിദഗ്‌ധ സംഘത്തിനു നിർദേശം നൽകിയിട്ടുണ്ട്.

മഥുരയില്‍ ശ്രീകൃഷ്ണ ജന്മാഷ്‌ടമി ആഘോഷങ്ങളില്‍ പങ്കെടുത്തതിന് ശേഷം നടത്തിയ  ആന്റിജൻ പരിശോധനയിലാണ് മഹന്ത് നൃത്യ ഗോപാൽ ദാസിനു കോവിഡ് പോസ്റ്റീവ് സ്ഥിരീകരിച്ചത്.

മഥുര ജില്ലയിലെ മേദാന്ത ആശുപത്രിയിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ചികിത്സാ കാര്യങ്ങളുടെ മേല്‍നോട്ട ചുമതല മഥുര ജില്ലാ കളക്ടര്‍ക്ക്‌ നല്‍കിയിട്ടുണ്ട്. ആരോഗ്യനില തൃപ്‌തികരമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്. പനിയും ശ്വാസമെടുക്കാൻ നേരിയ തോതിൽ ബുദ്ധിമുട്ടും അനുഭവപ്പെട്ടിരുന്നു.

Read Also: രാമ ക്ഷേത്രത്തിനൊപ്പമുള്ള മോദിയുടെ യാത്രയും വളര്‍ച്ചയും

രാമക്ഷേത്ര നിർമാണത്തിനായി കേന്ദ്ര സർക്കാർ രൂപീകരിച്ച ട്രസ്റ്റിന്റെ തലവനാണ് മഹന്ത് നൃത്യ ഗോപാൽ ദാസ്. കേന്ദ്ര സർക്കാർ ഒരു ട്രസ്റ്റ് രൂപീകരിച്ച് ക്ഷേത്ര നിർമാണം പൂർണമായും ആ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് നടക്കേണ്ടതെന്നായിരുന്നു സുപ്രീം കോടതി വിധി. രാമക്ഷേത്രത്തിനു തറക്കല്ലിട്ടതു മോദിയാണ്. തറക്കല്ലിടൽ ചടങ്ങിനു ശേഷം നടന്ന സമ്മേളനത്തിലും രാമജന്മഭൂമി ട്രസ്റ്റ് മേധാവിക്കൊപ്പം മോദി വേദി പങ്കിട്ടിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook