ലുധിയാന: ബോളിവുഡ് നടി രാഖി സാവന്തിനെ അറസ്റ്റ് ചെയ്തതായുളള വാർത്തകൾ പഞ്ചാബ് പൊലീസ് നിഷേധിച്ചു. മുംബൈയിൽനിന്നും രാഖി സാവന്തിനെ ലുധിയാന പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ഇത്തരം വാർത്തകൾ തെറ്റാണെന്നും ലുധിയാന ഡിസിപി ധ്രുമാൻ നിംബലേ പറഞ്ഞു. പുരാതന ഭാരതീയ ഋഷിയായ വാത്മീകിയെ അധിക്ഷേപിക്കുന്ന പരാമർശം നടത്തിയതിന് ലുധിയാനയിലെ പ്രാദേശിക കോടതി രാഖി സാവന്തിനെതെിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.

നരീന്ദർ ആദിയ എന്ന അഭിഭാഷകനാണ് രാഖി സാവന്തിനെതിരെ പരാതി നൽകിയത്. കോടതി രാഖി സാവന്തിനു സമൻസ് അയച്ചിരുന്നെങ്കിലും ഹാജരായില്ല. തുടർന്നാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. കഴിഞ്ഞവർഷം സ്വകാര്യ ടെലിവിഷൻ ചാനൽ പരിപാടിക്കിടെ രാഖി നടത്തിയ പരാമർശമാണ് വിവാദമായത്.

എന്നാൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെ രാഖി സാവന്ത് നിഷേധിച്ചു. ഞാൻ സൽമാൻ ഖാൻ അല്ല, ഞാൻ രാഖി സാവന്താണ്. എന്റ മേൽ കുറ്റങ്ങൾ ചുമത്തി നിങ്ങൾക്കൊന്നും കിട്ടാനില്ല. സാമൂഹിക പ്രവർത്തനങ്ങൾ ചെയ്യുകയും സിനിമയിൽ പ്രവർത്തിക്കുകയും ചെയ്യുന്ന സിംപിൾ പെൺകുട്ടിയാണ് ഞാനെന്നുമാണ് രാഖി വാർത്താ ഏജൻസിയായ എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

തന്റെ സുഹൃത്തും ഗായകനുമായ മിൽഖ സിങ്ങിന്റെ ജീവിതത്തിലുണ്ടായ മാറ്റത്തെ വാത്മീകിയുടെ ജീവിതത്തോട് ഉപമിക്കുക മാത്രമാണ് ചെയ്തത്. എന്റെ ചെറുപ്പകാലത്ത് ഞാൻ രാമായണം വായിച്ചിട്ടുണ്ട്. കളളനായ വാത്മീകി പിന്നീട് സന്യാസിയായി മാറി. ഇതുപോലെയാണ് മിൽഖ സിങ്ങും മാറിയത്. വാത്മീകി ഒരു ഉദാഹരണമായി പറയുകയാണ് ചെയ്തത്.

എനിക്ക് ഒരു നോട്ടീസും സമൻസും ലഭിച്ചിട്ടില്ല. എന്നെ അറസ്റ്റ് ചെയ്യുവാനായി പൊലീസ് വരുന്നുണ്ടെന്ന് മാധ്യമങ്ങളിൽനിന്നുമാണ് അറിഞ്ഞത്. വാത്മീകിയെയും വാത്മീകി സമുദായത്തെയും ബഹുമാനിക്കുന്ന വ്യക്തിയാണ് ഞാൻ. ആദ്യം അറസ്റ്റിനെക്കുറിച്ചുളള വാർത്തകൾ കേട്ടപ്പോൾ ഏപ്രിൽ ഫൂളാണെന്നാണ് കരുതിയത്. എന്നെ എന്തിനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് അറിയില്ല. ചിലപ്പോൾ ഞാൻ സിനിമാ മേഖലയിൽനിന്നായതുകൊണ്ടാകാം. എന്റെ പരാമർശത്തിലൂടെ വാത്മീകി സമുദായത്തിന്റെ വികാരത്തെ മുറിവേൽപ്പിച്ചുവെങ്കിൽ വാത്മീകി സമുദായത്തിലെ സഹോദരന്മാരോടും സഹോദരിമാരോടും മാപ്പു ചോദിക്കുന്നതായും രാഖി അഭിമുഖത്തിൽ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ