കര്‍ഷക നേതാവ് രാകേഷ് ടിക്കായത്തിനെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു. നാളെ ജന്തർ മന്തറിൽ കിസാൻ മോർച്ചയുടെ പരിപാടി നടക്കാനിരിക്കെയാണ് പൊലീസിന്റെ നടപടി. രാജ്യത്തെ തൊഴിലില്ലായ്മയ്ക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ രാജ്യതലസ്ഥാനത്തേക്ക് എത്തുകയായിരുന്നു ടിക്കായത്ത്. ജന്തര്‍ മന്തറിലേക്കുള്ള യാത്രാമധ്യേ ഘാസിപൂരില്‍ വച്ച് ടികായിതിനെ തടഞ്ഞുനിര്‍ത്തുകയായിരുന്നുവെന്ന് ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപോര്‍ട്ടുകള്‍.
യാത്രാമധ്യേ ഘാസിപൂരില്‍ വെച്ച് തടഞ്ഞ് വെച്ച ടിക്കായത്തിനെ പിന്നീട് മധു വിഹാര്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് തിരികെ പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥന് ഫിനാന്‍ഷ്യല്‍ എക്സ്പ്രസിനോട് പറഞ്ഞു. അതേസമയം
കേന്ദ്രത്തിന്റെ നിര്‍ദേശപ്രകാരമാണ് ഡല്‍ഹി പോലീസ് പ്രവര്‍ത്തിക്കുന്നതെന്ന് ഭാരതീയ കിസാന്‍ യൂണിയന്റെ (ബികെയു) ദേശീയ വക്താവും സംയുക്ത് കിസാന്‍ മോര്‍ച്ചയുടെ (എസ്കെഎം) മുഖവുമായ രാകേഷ് ടിക്കായത്ത് ആരോപിച്ചു.
സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കുന്ന ഡല്‍ഹി പൊലീസിന് കര്‍ഷകരുടെ ശബ്ദം അടിച്ചമര്‍ത്താനാകില്ല. ഈ അറസ്റ്റ് പുതിയ വിപ്ലവം കൊണ്ടുവരും. അവസാന ശ്വാസം വരെ ഈ പോരാട്ടം തുടരും. നിര്‍ത്തില്ല, തളരില്ല, തലകുനിക്കുകയുമില്ല,” ടികായിത് ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു. ഡല്‍ഹി മന്ത്രിയും ആം ആദ്മി പാര്‍ട്ടി (എഎപി) നേതാവുമായ ഗോപാല്‍ റായ് ടികായത്തിന്റെ കസ്റ്റഡിയില്‍ എടത്തതില് അപലപിച്ചു.
എസ്കെഎമ്മും മറ്റ് കര്‍ഷക സംഘങ്ങളും തിങ്കളാഴ്ച ജുന്തര് മന്തറില്‍ ‘മഹാപഞ്ചായത്ത്’ ന് പദ്ധതിയിട്ടിരിക്കുകയാണ്. ഗാസിയാബാദിലെ ഗാസിപൂര്‍ അതിര്‍ത്തി ഉള്‍പ്പെടുന്ന ജില്ലാ അതിര്‍ത്തിയിലും യോഗങ്ങള്‍ സംഘടിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍, ടിക്രി അതിര്‍ത്തിയിലെ ഔട്ടര്‍ ഡിസ്ട്രിക്റ്റ്, പ്രധാന കവലകള്‍, റെയില്‍വേ ട്രാക്കുകള്‍, മെട്രോ സ്റ്റേഷന് എന്നിവിടങ്ങളില്‍ പൊലീസിനെയും ബാഹ്യ സേനയെയും വിന്യസിക്കുമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ (ഔട്ടര്‍ ഡല്‍ഹി) സമീര്‍ ശര്‍മ്മ പറഞ്ഞു.