മുംബൈ: സ്റ്റോക്ക്ബ്രോക്കറും നിക്ഷേപകനുമായ രാകേഷ് ജുൻജുൻവാല അന്തരിച്ചു. 62 വയസായിരുന്നു. രകേഷിന് പ്രമേഹവും വ്യക്കരോഗവും ഉണ്ടായിരുന്നെന്നാണ് വിവരം.
രാവിലെ 6.45 ഓടെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ അദ്ദേഹത്തെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും രാകേഷിന് ജീവന്‍ നഷ്ടമായിരുന്നെന്ന് ആശുപത്രി സിഇഒ എൻ സന്താനം ദി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
ഈ മാസം ആദ്യമായിരുന്നു രാകേഷിന്റെ ഉടമസ്ഥതയില്‍ ആകാശ എയര്‍ ആരംഭിച്ചത്. ചിലവ് കുറഞ്ഞ വിമാനക്കമ്പനി എന്ന ആശയം മുന്നോട്ട് വച്ചായിരുന്നു ആകാശ എയര്‍ ആരംഭിച്ചത്. മുംബൈയില്‍ നിന്ന് അഹമ്മദാബാദിലേക്കായിരുന്നു ആദ്യത്തെ യാത്ര.
എയര്‍ലൈനിന്റെ 40 ശതമാനം ഓഹരിയും രാകേഷിന്റെ പേരിലാണ്.
രകേഷിന്റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.
“രാകേഷ് ജുൻജുൻവാല അജയ്യനായിരുന്നു. ജീവിതത്തില്‍ നർമ്മബോധവും ഉൾക്കാഴ്ചയുമുള്ള അദ്ദേഹം സാമ്പത്തിക ലോകത്തിന് നിരവധി സംഭാവനകൾ നല്‍കി. ഇന്ത്യയുടെ പുരോഗതിയിലും അദ്ദേഹം അതീവ തത്പരനായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം ദുഖകരമാണ്,” പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും രാകേഷിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. “സ്റ്റോക്ക് മാർക്കറ്റിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിപുലമായ അനുഭവവും ധാരണയും എണ്ണമറ്റ നിക്ഷേപകരെ പ്രചോദിപ്പിച്ചു. അദ്ദേഹത്തിന്റെ ആത്മവിശ്വാസമുള്ള കാഴ്ചപ്പാട് എന്നും ഓർമ്മിക്കപ്പെടും,”ഷാ ട്വീറ്റ് ചെയ്തു.