ന്യൂഡല്‍ഹി: മുത്തലാഖ് നിരോധന ബില്‍ രാജ്യസഭയിലും പാസായി. ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് ലോക്സഭയില്‍ പാസാക്കിയ ബില്‍ രാജ്യസഭയില്‍ പാസാക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍, ഇത്തവണ രാജ്യസഭയിലും ബില്‍ പാസാക്കി ആധിപത്യം തെളിയിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. 84 നെതിരെ 99 വോട്ടുകള്‍ക്കാണ് ബില്‍ രാജ്യസഭയില്‍ പാസാക്കിയത്. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം വോട്ടിനിട്ട് തള്ളി. സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യത്തെ 84 പേര് പിന്തുണച്ചപ്പോള്‍ 100 പേര് എതിര്‍ത്ത് വോട്ട് ചെയ്തു. ഇതും കേന്ദ്ര സര്‍ക്കാരിന് തുണയായി.
Rajya Sabha passes Muslim Women (Protection of Rights on Marriage) Bill, 2019. #TripleTalaqBill pic.twitter.com/gVLh2wTzXK
— ANI (@ANI) July 30, 2019
Read Also: ലോക്സഭ കടന്ന് മുത്തലാഖ് ബില്‍; കോണ്‍ഗ്രസ് ഇറങ്ങി പോയി
ഭരണപക്ഷത്തുള്ള ജെഡിയു, അണ്ണാ ഡിഎംകെ എന്നിവർ മുത്തലാഖ് ബില്ലിൽ പ്രതിഷേധിച്ച് സഭ വിട്ടിറങ്ങി. എങ്കിലും ഭൂരിപക്ഷം ഉറപ്പിക്കാൻ ബിജെപിക്ക് സാധിച്ചു. കോൺഗ്രസും സിപിഎമ്മും ബില്ലിനെ ശക്തമായി എതിർത്തു. ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം ഒന്നടങ്കം ആവശ്യപ്പെട്ടെങ്കിലും സാധിച്ചില്ല. കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദാണ് ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചത്.
RajyaSabha passes the #TripleTalaqBill
The bill has already been passed by the Lok Sabha pic.twitter.com/0o25VcKdBm
— All India Radio News (@airnewsalerts) July 30, 2019
ലോക്സഭയും രാജ്യസഭയും പാസാക്കിയ ബിൽ നിയമമാകാൻ ഇനി രാഷ്ട്രപതിയുടെ അംഗീകാരം കൂടി ലഭിച്ചാൽ മതി. ബില്ലിനെ എതിർത്തിരുന്ന പ്രതിപക്ഷ പാർട്ടികളായ സമാജ് വാദി പാർട്ടി, ടിആർഎസ്, ടിഡിപി എന്നിവർ വോട്ടെടുപ്പിൽ പങ്കെടുക്കാതിരുന്നതാണ് പ്രതിപക്ഷത്തിന് തിരിച്ചടിയായത്. എതിർപ്പുണ്ടായിരുന്ന ജെഡിയു, അണ്ണാ ഡിഎംകെ കക്ഷികൾ എതിർത്ത് വോട്ട് ചെയ്യുകയും ചെയ്തില്ല. ഇതോടെ ബിജെപിക്ക് കാര്യങ്ങൾ എളുപ്പമായി. സിവിൽ കുറ്റമായിരുന്ന മുത്തലാഖ് ബിൽ നിലവിൽ വരുന്നതോടെ ക്രിമിനൽ കുറ്റമാകും.
ഇന്നൊരു ചരിത്ര ദിവസമാണെന്നാണ് ബിൽ പാസാക്കിയ ശേഷം കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് രാജ്യസഭയിൽ പറഞ്ഞത്. മുസ്ലീം സ്ത്രീകൾക്ക് രണ്ട് സഭകളിൽ നിന്നും നീതി ലഭിച്ചു എന്നും ഇത് ഇന്ത്യയുടെ മാറ്റത്തിന്റെ ഭാഗമാണെന്നും രവിശങ്കർ പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ ലോക്സഭയിൽ വൻ ഭൂരിപക്ഷത്തോടെയാണ് ബിൽ പാസാക്കിയത്. 303 അംഗങ്ങള്‍ ബില്ലിനെ പിന്തുണച്ച് വോട്ട് ചെയ്തപ്പോള്‍ 82 പേര് എതിര്‍ത്ത് വോട്ട് ചെയ്തു. ബില്‍ പാസാക്കുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സഭ ബഹിഷ്കരിച്ച് ഇറങ്ങി പോയി. തൃണമൂല്‍, ജെഡിയു എംപിമാരും സഭ വിട്ടിറങ്ങി. കേരളത്തില്‍ നിന്നുള്ള സിപിഎം എംപി എ.എം.ആരിഫ്, മുസ്ലീം ലീഗ് എംപിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീര്‍ എന്നിവര്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തി.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook