ന്യൂഡൽഹി: രാജ്യസഭാ ഉപാധ്യക്ഷനെ ഇന്ന് തിരഞ്ഞെടുക്കും. ജനതാദൾ യുവിനെ എംപി ഹരിവൻഷാണ് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയുടെ സ്ഥാനാർത്ഥി. ബി.കെ.ഹരിപ്രസാദിനെയാണ് കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്.
ബിജു ജനതാദളിന്റെ പിന്തുണ ഉറപ്പാക്കിയ ബിജെപി വിജയം ഉറപ്പിച്ചിട്ടുണ്ട്. 244 അംഗ സഭയിൽ 123 പേരുടെ പിന്തുണയാണ് ജയിക്കാൻ വേണ്ടത്. തിരഞ്ഞെടുപ്പിൽ ജയിക്കാൻ പിന്തുണ തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ നവീൻ പട്‌നായിക്കിനെയും വിളിച്ചിരുന്നു.
പി.ജെ.കുര്യൻ വിരമിച്ചതോടെയാണ് രാജ്യസഭ ഉപാദ്ധ്യക്ഷ സ്ഥാനത്തേക്ക് ഒഴിവു വന്നത്. 244 പേരുള്ള സഭയിൽ സർക്കാരാണ് ന്യൂനപക്ഷം. 113 പേരാണ് സർക്കാർ പക്ഷത്തുള്ളത്ത്. 116 പേർ പ്രതിപക്ഷത്തുണ്ട്. എന്നാൽ ഒൻപത് പേരുളള ബിജു ജനതാദളിന്റെ പിന്തുണ നേടിയതോടെ എൻഡിഎയ്ക്ക് 122 പേരുടെ പിന്തുണയാകും.
ആറ് പേരുള്ള തെലങ്കാന രാഷ്ട്ര സമിതിയും ഹരിവൻഷിനെ പിന്തുണയ്ക്കുമെന്നാണ് സൂചന. ഇങ്ങിനെ വന്നാൽ സർക്കാരിനൊപ്പം 128 പേരുണ്ടാകും. രാവിലെ 11 മണിക്കാണ് തിരഞ്ഞെടുപ്പ്.
പ്രധാന ഘടകക്ഷികളായ എൻസിപിയും ഡിഎംകെയും മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തിലാണ് ബി.കെ.ഹരിപ്രസാദിനെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയത്. കർണ്ണാടകത്തിൽ നിന്നുള്ള ഹരിപ്രസാദിന് തെലുങ്കുദേശം പാർട്ടി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
രാജ്യസഭയുടെ ചരിത്രത്തിൽ ഇത് ആറാം തവണയാണ് ഉപാധ്യക്ഷ സ്ഥാനത്തേക്ക് മത്സരം നടക്കുന്നത്. 14 തവണ എതിരില്ലാതെയായിരുന്നു തിരഞ്ഞെടുപ്പ്. കേന്ദ്രസർക്കാരിനെ കഴിഞ്ഞ നാലു വർഷവും രാജ്യസഭയിൽ ചെറുത്ത പ്രതിപക്ഷത്തിന് ഇതാദ്യമായാണ് കാലിടറുന്നത്.