/indian-express-malayalam/media/media_files/uploads/2019/07/Amit-Shah.jpg)
ന്യൂഡല്‍ഹി: ജമ്മു കാശ്മീരില്‍ രാഷ്ട്രപതി ഭരണം നീട്ടിയുള്ള ബില്ലിന് രാജ്യസഭയുടെ അംഗീകാരം. പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും ബില്‍ പാസാക്കുകയായിരുന്നു. ജമ്മു കാശ്മീരിനുള്ള പ്രത്യേക സംവരണ ബില്ലും ഇന്ന് രാജ്യസഭയില്‍ പാസാക്കി.
ആറ് മാസത്തേക്കാണ് ജമ്മു കാശ്മീരിലെ രാഷ്ട്രപതി ഭരണം നീട്ടിയിരിക്കുന്നത്. ജൂലൈ മൂന്ന് മുതല്‍ ഇത് നിലവില്‍ വരും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചത്.
നെഹ്‌റുവിനെതിരെയും കോണ്‍ഗ്രസിനെതിരെയും ലോക്‌സഭയിലുന്നയിച്ച വിമര്‍ശനങ്ങള്‍ അമിത് ഷാ വീണ്ടും ആവര്‍ത്തിച്ചു. കാശ്മീരിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം നെഹ്‌റുവാണെന്ന് അദ്ദേഹം പറഞ്ഞു. പാക് അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ ചരിത്രപരമായ വിഢിത്തമാണെന്നും അമിത് ഷാ പറഞ്ഞു.
Read Also: ‘ഫാബുലസ് ഫാബിയന്‍’; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഫാബിയന്റെ അത്ഭുത ക്യാച്ച്
ജമ്മു കാശ്മീരിലെ മൂന്നിലൊന്ന് നഷ്ടപ്പെടുത്തിയത് പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവാണെന്ന് അമിത് ഷാ ലോക്സഭയിൽ കുറ്റപ്പെടുത്തിയിരുന്നു. കാശ്മീരിലെ ഭാഗങ്ങള്‍ പാക്കിസ്ഥാന് നല്‍കിയത് നെഹ്‌റുവാണ്. അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ അഭിപ്രായത്തെ പോലും വിലയ്‌ക്കെടുക്കാതെയാണ് അത് ചെയ്തതെന്നും ഷാ ലോക്‌സഭയില്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് പ്രതിനിധി തങ്ങളെ ചരിത്രം പഠിപ്പിക്കേണ്ട ആവശ്യം ഇല്ലെന്നും ഷാ തുറന്നടിച്ചു.
ജമ്മു കാശ്മീരില്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന് പൂര്‍ണ നിയന്ത്രണമുണ്ട്. കാശ്മീരിലെ കാര്യങ്ങള്‍ ശാന്തമാകാന്‍ തുടങ്ങിയിട്ടുണ്ട്. മുന്‍പ് തിരഞ്ഞെടുപ്പ് സമയത്ത് കാശ്മീര്‍ ചോരക്കളമാകുമായിരുന്നു. എന്നാല്‍, ഇത്തവണ അങ്ങനെയൊന്നും ഉണ്ടായിട്ടില്ല. തിരഞ്ഞെടുപ്പ് സമാധാനപരമായാണ് നടന്നതെന്നും അമിത് ഷാ പറഞ്ഞു.
ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം നീട്ടാൻ കാരണങ്ങളുണ്ട്. അവിടെ പാക് സ്പോൺസേഡ് തീവ്രവാദമാണ് നടക്കുന്നത്. രാഷ്ട്രീയ ലക്ഷ്യത്തോടെയല്ല ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്. വോട്ട് ബാങ്ക് ലക്ഷ്യമിട്ട് അവിടെ പ്രശ്നമുണ്ടാക്കുന്നത് കോൺഗ്രസാണെന്നും ഷാ കുറ്റപ്പെടുത്തി.
“ജമ്മു കശ്മീരില്‍ ജനാധിപത്യത്തെ ഇല്ലാതാക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് പ്രതിപക്ഷം വാദിക്കുന്നത്. എന്നാല്‍, ഇതുവരെ 132 തവണയാണ് കശ്മീരില്‍ ‘ആര്‍ട്ടിക്കള്‍ 356’ (രാഷ്ടട്രപതി ഭരണം) പ്രയോഗിച്ചിരിക്കുന്നത്. ഇതില്‍ 93 തവണയും ‘356’ പ്രയോഗിച്ചത് കോണ്‍ഗ്രസ് ഭരണത്തിലുള്ളപ്പോള്‍ ആണ്. മുന്‍ സര്‍ക്കാരുകള്‍ ഭീകരവാദത്തിനെതിരെ ഒന്നും ചെയ്തിട്ടില്ലെന്ന് ഞങ്ങള്‍ പറയില്ല. പക്ഷേ, അന്ന് ചെയ്തതും ഇപ്പോള്‍ ചെയ്യുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. എവിടെ ഭീകരവാദം ഉണ്ടോ അവരുടെ വീട്ടില്‍ കയറി തിരിച്ചടി നല്‍കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്. അവരെ ഛിന്നഭിന്നമാക്കുന്ന നടപടിയാണത്.”- അമിത് ഷാ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.