ന്യൂഡല്‍ഹി: എംപി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ മൈക്കില്‍ നിന്ന് പുക വന്നതിനെ തുടര്‍ന്ന് രാജ്യസഭാ നടപടികള്‍ 15 മിനിറ്റ് നേരത്തേക്ക് നിര്‍ത്തിവച്ചു. സഭയില്‍ വോട്ട് രേഖപ്പെടുത്താനുള്ള യന്ത്രം കൂടി ഘടിപ്പിച്ചിട്ടുള്ള മൈക്കില്‍ നിന്നാണ് പുക ഉയര്‍ന്നത്. ഇതിനെ തുടര്‍ന്ന് 15 മിനിറ്റ് നേരത്തേക്ക് സഭ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് പിടിഐയെ ഉദ്ധരിച്ച് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.
രാജ്യസഭാ മുന്‍ എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എസ്.ജയ്പാല് റെഡ്ഡിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയാണ് സഭ ആരംഭിച്ചത്. ഇതിനു പിന്നാലെ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ മൈക്കില്‍ നിന്ന് പുക ഉയര്‍ന്നു. ബിജെപി എംപിയായ കണ്ണന്താനം ഉടന്‍ തന്നെ പരാതി നല്കി. നാലാം നിരയിലുള്ള തന്റെ ഇരിപ്പിടത്തിലെ മൈക്കില്‍ നിന്ന് പുക ഉയരുന്നതായാണ് കണ്ണന്താനം പരാതി പറഞ്ഞത്.
Read Also: രാഖി വിവാഹം മുടക്കാന്‍ നോക്കി, പ്രതിശ്രൂത വധുവിന് സന്ദേശമയച്ചു; കൊലപാതകത്തിലേക്ക് നയിച്ചത് പക
ഇതേ തുടര്‍ന്ന് അല്‍ഫോണ്‍സ് കണ്ണന്താനവും, തൊട്ടടുത്തിരിക്കുന്ന പര്‍ഷോത്തം രൂപാല എംപിയും വേറെ സീറ്റിലേക്ക് മാറി ഇരുന്നു. പുക വരുന്നത് വര്‍ധിച്ചതോടെയാണ് ഇരുവരും വേറെ സീറ്റിലേക്ക് മാറി ഇരുന്നത്. ഇതേ തുടര്‍ന്ന് സഭ നിയന്ത്രിക്കുകയായിരുന്ന അധ്യക്ഷന്‍ വെങ്കയ്യ നായിഡു 15 മിനിറ്റ് നേരത്തേക്ക് സഭ നിര്‍ത്തിവയ്ക്കുകയായിരുന്നു. സഭ പിരിയുന്നതിന് മുന്‍പ് എന്തുകൊണ്ടാണ് മൈക്കില്‍ നിന്ന് പുക വന്നതെന്ന കാര്യം പരിശോധിക്കണമെന്ന് വെങ്കയ്യ നായിഡു ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു.