ന്യൂഡല്‍ഹി: സഭാനടപടികള്‍ തടസപ്പെടുത്തിയതിന് രാജ്യസഭയില്‍ നിന്ന് 19 എംപിമാരെ സസ്പെന്‍ഡ് ചെയ്തു. ഏഴ് ദിവസത്തേക്കാണ് സസ്പെന്‍ഷന്‍.
സഭയോടും ചെയറിനോടും അവഗണന കാണിച്ചതിനാണ് എംപിമാരെ സസ്പെൻഡ് ചെയ്തതെന്ന് ഡെപ്യൂട്ടി ചെയർമാൻ ഹർവൻഷ് പറഞ്ഞു. സീറ്റുകളിലേക്ക് മടങ്ങാനുള്ള ഡെപ്യൂട്ടി ചെയർമാൻ ഹർവൻഷിന്റെ അഭ്യർത്ഥന പ്രതിപക്ഷ എംപിമാർ മാനിക്കാത്തതിനെ തുടർന്നാണ് നടപടിയെന്ന് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.
ത്രിണമൂല്‍ കോണ്ഗ്രസിന്റെ ഏഴ് എംപിമാരും ഡിഎംകെയുടെ ആറും ടിആര്‍എസിന്റെ മൂന്നും സിപിഎമ്മിന്റെ രണ്ടും സിപിഐയുടെ ഒരു എംപിയും സസ്പെന്‍ഡ് ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
വിലക്കയറ്റത്തിനെതിരെ ഇരുപാര്‍ലമെന്റുകളിലും പ്രതിപക്ഷ പാര്‍ട്ടികളുടെ കടുത്ത പ്രതിഷേധമാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്.

പ്രതിപക്ഷ എംപിമാരെ സസ്‌പെൻഡ് ചെയ്യാനുള്ള തീരുമാനമെടുത്തത് ചെയർമാന്റെ നിര്‍ദേശം നിരന്തരം അവഗണിച്ചതിനാലാണെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ വ്യക്തമാക്കി.
പാർലമെന്ററികാര്യ സഹമന്ത്രി വി മുരളീധരനാണ് 10 എംപിമാരെ സസ്‌പെൻഡ് ചെയ്യാനുള്ള പ്രമേയം അവതരിപ്പിച്ചത്. പിന്നീടാണ് സസ്പെന്‍ഡ് ചെയ്ത 19 എംപിമാരുടെ പേരുകള്‍ ഹർവൻഷ് സഭയില്‍ വായിച്ചത്.
കഴിഞ്ഞ ദിവസം സമാന കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് ലോക്സഭയില്‍ നാല് കോണ്‍ഗ്രസ് എംപിമാരെയും സസ്പെന്‍ഡ് ചെയ്തിരുന്നു.
മാണിക്യം താഗോര്‍, ടി എന്‍ പ്രതാപന്‍, ജോതിമണി, രമ്യ ഹരിദാസ് എന്നിവരാണ് സസ്പെന്‍ഡ് ചെയ്യപ്പെട്ട എംപിമാര്‍. പിന്നീട് സസ്പെന്‍ഷന്‍ നടപടിക്കെതിരെ പാര്‍ലമെന്റിന്റെ പുറത്ത് വിവിധ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ പ്രതിഷേധവുമുണ്ടായി.
ജനാധിപത്യത്തെ കൊലചെയ്തെന്നായിരുന്നു സസ്പെന്‍ഷന് പിന്നാലെ ഉയര്‍ന്ന പ്രതിപക്ഷ മുദ്രാവാക്യം. പാര്‍ലമെന്റ് മന്ദിരത്തിലെ മഹാത്മ ഗാന്ധി പ്രതിമയ്ക്ക് മുന്നിലായിരുന്നു പ്രതിഷേധം.