ന്യൂഡൽഹി: ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പിൽ നിഷേധ വോട്ട് (നോട്ട) ഉൾപ്പെടുത്തിയതിന് എതിരെ കോൺഗ്രസ് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്യേണ്ട സാഹചര്യമില്ലെന്ന് കൂടി കോടതി വിലയിരുത്തിയത്, കോൺഗ്രസിന് വൻ തിരിച്ചടിയായി. അതേസമയം, നോട്ടയ്ക്കെതിരെ നൽകിയ ഹർജിയിൽ പിന്നീട് വിശദമായ വാദം കേൾക്കുമെന്ന് കോടതി വ്യക്തമാക്കി. വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന് സുപ്രീംകോടതി നോട്ടീസ് അയച്ചു.

ഈ മാസം എട്ടാം തീയതി ഗുജറാത്തിൽനിന്നു രാജ്യസഭയിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പിൽ എംഎൽഎമാർക്കു നൽകുന്ന ബാലറ്റിൽ നോട്ട ഓപ്ഷനും ഉണ്ടാകുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നത്. ഇതിനെതിരേയാണ് കോൺഗ്രസ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. കോണ്‍ഗ്രസ് എം.എൽ.എമാരെ ചാക്കിലാക്കാനുള്ള ബി.ജെ.പിയുടെ നീക്കത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ കുടപിടിക്കുന്നുവെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം.

ശങ്കര്‍ സിംഗ് വഗേലയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം പാര്‍ട്ടി വിടുകയും മറ്റു കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിട്ടു പിടിക്കാന്‍ ബിജെപി നീക്കം ശക്തമാക്കുകയും ചെയ്തതോടെയാണ് നോട്ട വോട്ട് അപകടം ചെയ്യുമെന്ന് പാര്‍ട്ടി തിരിച്ചറിഞ്ഞത്.

ഗുജറാത്തില്‍ നിന്നുള്ള മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് ഉടന്‍ തിരഞ്ഞെടുപ്പ് നടക്കുകയാണ്. 182 അംഗ നിയമസഭയില്‍ 44 എംഎല്‍എമാരുടെ വോട്ട് നേടുന്നയാള്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ