ന്യൂഡല്‍ഹി: ആധാര്‍ ഭേദഗതി ബില്‍ രാജ്യസഭയില്‍ പാസാക്കി. ബാങ്ക് അക്കൗണ്ട് തുടങ്ങാനും മൊബൈല്‍ ഫോണ്‍ കണക്ഷന്‍ എടുക്കാനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലാതാക്കുന്ന ഭേദഗതി ബില്ലാണ് രാജ്യസഭ പാസാക്കിയത്. ഭേദഗതി ബില്‍ ലോക്‌സഭ നേരത്തെ പാസാക്കിയിരുന്നു. ആധാര്‍ ഭേഗദതി ബില്ലിനൊപ്പം മറ്റ് നിയമ ഭേദഗതി ബില്ലുകളും പാസാക്കിയിട്ടുണ്ട്. ബില്ലുകള്‍ പാസാക്കിയ ശേഷം നാളെ രാവിലെ 11 വരെ രാജ്യസഭ പിരിഞ്ഞു.

ആധാർ കേസിലെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ മാർച്ചിൽ കൊണ്ടുവന്ന ഓർഡിനൻസിനു പകരമുള്ളതാണു ലോക്സഭയും രാജ്യസഭയും പാസാക്കിയ ഭേദഗതി നിയമം. ബാങ്ക് അക്കൗണ്ടിനും മൊബൈൽ കണക്‌ഷനും ആധാർ കാർഡ് നിർബന്ധമല്ലാതാക്കാനാണിത്.

ഉപയോക്താവിന്റെ വിവരങ്ങൾ സംരക്ഷിക്കുന്നതിനു പ്രത്യേക നിയമം വൈകാതെ കൊണ്ടുവരുമെന്നു കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് വ്യക്തമാക്കി. മെെക്രോസോഫ്റ്റ് തലവൻ ബിൽ ഗേറ്റ്സ് ആധാറിനെ പുകഴ്ത്തിയിട്ടുണ്ടെന്ന് രവിശങ്കർ പ്രസാദ് രാജ്യസഭയിൽ ഓർമ്മിപ്പിച്ചു.

18 വയസ് തികഞ്ഞവരെ ആധാറിൽ നിന്നു സ്വമേധയാ പിന്മാറാൻ ബിൽ അനുവദിക്കുന്നു. ആധാർ വിവരങ്ങൾ ചോർത്തുന്നവർക്കു പിഴ ചുമത്താനും വ്യവസ്ഥയുണ്ട്. വിവരങ്ങൾ അനധികൃതമായി സൂക്ഷിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക് ഒരു കോടി രൂപ പിഴ ചുമത്തും.

ആധാർ സംവിധാനത്തിൽ സ്വകാര്യതാ ലംഘന ഭീഷണിയോ സാങ്കേതിക പ്രശ്നങ്ങളോ ഇല്ലെന്നു മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് നേരത്തെ പറഞ്ഞിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook