ന്യൂഡൽഹി: സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി രാജ്യസഭാംഗമാകുന്നതിനെ എതിർത്ത് മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ്. സാധാരണ ജനങ്ങൾക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസത്തിനു കോട്ടം തട്ടുന്നതും ഇന്ത്യൻ ഭരണഘടനയുടെ അടിത്തറയ്ക്ക് ഇളക്കം ഉണ്ടാക്കുന്നതുമാണ് ഇതെന്നും കുര്യൻ ജോസഫ് കുറ്റപ്പെടുത്തി. മുൻ ചീഫ് ജസ്റ്റിസ് രാജ്യസഭയിലേക്ക് എത്തുന്ന കാര്യം അറിഞ്ഞപ്പോൾ ആശ്ചര്യം തോന്നിയതായും ജുഡീഷ്യറിയുടെ അടിസ്ഥാന തത്വങ്ങളിലുള്ള വിട്ടുവീഴ്ചയാണിതെന്നും കുര്യൻ ജോസഫ് പറഞ്ഞു.
“രാജ്യം ഭരണഘടനാ മൂല്യങ്ങളില്‍ അടിയുറച്ചു നല്ക്കുന്നതിന് നന്ദി പറയേണ്ടത് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തോടാണ്. ജനങ്ങള്‍ക്ക് അതിലുള്ള വിശ്വാസം ഉലയുമ്പോള്‍, ഒരു വിഭാഗം ന്യായാധിപര്‍ നിഷ്പക്ഷരല്ലെന്ന് ജനം കരുതുമ്പോള്‍ രാജ്യത്തിന്റെ ശക്തമായ അടിത്തറയ്ക്ക് ഇളക്കം തട്ടുന്നു,” ജസ്റ്റിസ് കുര്യൻ ജോസഫ് പറഞ്ഞു.
അതേസമയം, രാജ്യസഭാംഗത്വം സ്വീകരിക്കുമെന്ന് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കി. എന്തുകൊണ്ടാണ് രാജ്യസഭാംഗത്വം സ്വീകരിക്കുന്നതെന്ന് സത്യപ്രതിജ്ഞയ്ക്കു ശേഷം വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read Also: കൊറോണ: നിയമസഭാ ഉപതിരഞ്ഞെടുപ്പുകൾ ഒഴിവാക്കിയേക്കും
“ഞാൻ നാളെ ഡൽഹിയിലേക്ക് പോകും. ആദ്യം സത്യപ്രതിജ്ഞ ചെയ്യട്ടെ. ഞാൻ എന്തിനിത് സ്വീകരിച്ചുവെന്ന് പിന്നീട് മാധ്യമങ്ങളോട് വിശദമായി സംസാരിക്കും,” രഞ്ജൻ ഗോഗോയ് അസമിലെ ഗുവാഹത്തിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 13 മാസത്തോളം സുപ്രീം കോടതിയുടെ അധ്യക്ഷത വഹിച്ച ജസ്റ്റിസ് ഗൊഗോയ് കഴിഞ്ഞ നവംബറിൽ വിരമിച്ചിരുന്നു.
രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആണ് ഗൊഗോയെ രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്തത്. ഇതു സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചു. രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്യപ്പെട്ട കെ.ടി.എസ്.തുളസി വിരമിച്ച ഒഴിവിലാണ് ജസ്റ്റിസ് ഗൊഗോയിയെ രാജ്യസഭാംഗമാക്കിയത്.
വളരെ സുപ്രധാന വിധികൾ പുറപ്പെടുവിച്ച ചീഫ് ജസ്റ്റിസ് ആണ് രഞ്ജൻ ഗൊഗോയ്. അയോധ്യ ഭൂമി തർക്ക കേസിൽ രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റിസ് ആയിരിക്കെ രഞ്ജൻ ഗൊഗോയിക്കെതിരെ സുപ്രീം കോടതിയിലെ ജീവനക്കാരി ലൈംഗിക ആരോപണമുന്നയിച്ചത് വലിയ വാർത്തയായിരുന്നു. അന്ന് ചീഫ് ജസ്റ്റിസിനെതിരായ കേസ് പരിഗണിച്ച ബഞ്ചിൽ രഞ്ജൻ ഗൊഗോയിയും ഉണ്ടായിരുന്നു.
തനിക്കെതിരായ കേസ് രഞ്ജൻ ഗൊഗോയ് തന്നെ പരിഗണിച്ചതിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. ലൈംഗികാരോപണം ഗൂഢാലോചനയുടെ ഭാഗമെന്ന് പറഞ്ഞ് പരാതി തള്ളിക്കളയുകയാണ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബഞ്ച് ചെയ്തത്. ഏറെ വിവാദങ്ങളുണ്ടാക്കിയ റാഫേൽ ഇടപാട് കേസും പരിഗണിച്ചത് രഞ്ജൻ ഗൊഗോയ് ചീഫ് ജസ്റ്റിസ് ആയിരിക്കുമ്പോഴാണ്.