ന്യൂഡൽഹി: വെള്ളിയാഴ്ച നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പ് കൂടി പൂർത്തിയായതോടെ സഭയിൽ ബിജെപി നേതൃത്വത്തിലുള്ള ഭരണമുന്നണി എൻ‌ഡി‌എയും പ്രതിപക്ഷവുമായുള്ള സീറ്റുകളുടെ അന്തരം കൂടുതൽ വർധിച്ചു. തിരഞ്ഞെടുപ്പിനു ശേഷം ബിജെപിക്ക് 86 സീറ്റുകളും മുഖ്യ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസിന് 41 സീറ്റുകളുമാണ് രാജ്യസഭയിൽ.

245 അംഗ രാജ്യ സഭയിൽ 100 ഓളം എംപിമാരാണ് എൻഡിഎക്കുള്ളത്. എഐഎഡിഎംകെ (9), ബിജെഡി (9), വൈഎസ്ആർ കോൺഗ്രസ് പാർട്ടി (6) എന്നിങ്ങനെയാണ് എൻഡിഎയിലെ മറ്റു പ്രധാന ഘടകകക്ഷികളുടെ അംഗങ്ങൾ. ഇതോടൊപ്പം നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങളുടെയും ചെറു പാർട്ടികളുടെ എംപിമാരുടെയും എണ്ണം പരിഗണിച്ചാൽ സഭയിലെ എൻഡിഎ പ്രാതിനിധ്യം ഇനിയും വർധിക്കും. സംസ്ഥാന നിയമസഭകളിലുള്ള അംഗബലവും മറ്റുപാർട്ടികളിൽ നിന്ന്, പ്രത്യേകിച്ച് കോൺഗ്രസിൽ നിന്ന് ജനപ്രതിനിധികൾ കാലുമാറിയതും ബിജെപിക്ക് സഹായകമായി.

എംപിമാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ എൻഡിഎയ്ക്ക് ഇനി രാജ്യസഭയിൽ കാര്യമായ വെല്ലുവിളിയുണ്ടാവില്ല. രാജ്യസഭയിലെ അംഗബലത്തിലുള്ള കുറവ് ആദ്യ മോദി സർക്കാരിന് തങ്ങളുടെ അജണ്ടകൾ നടപ്പാക്കുന്നതിന് തടസ്സമായി മാറിയിരുന്നു.

Read More: കമൽനാഥ് സർക്കാരിനെ പിന്തുണച്ച അഞ്ച് എം‌എൽ‌എമാർ ബിജെപിയുടെ അത്താഴ വിരുന്നിൽ

61 രാജ്യസഭാ സീറ്റുകളിലേക്കായിരുന്നു ഈ വർഷം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്. ഇതിൽ 42 പേർ നേരത്തേ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ബാക്കി 19 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പാണ് വെള്ളിയാഴ്ച പൂർത്തിയായത്. 61 സീറ്റുകളിൽ 55 എണ്ണത്തിൽ മാർച്ചിൽ തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചെങ്കിലും കോവിഡ് കാരണം നീട്ടിവയ്ക്കുകയായിരുന്നു.

ആന്ധ്രാ പ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഝാർഘണ്ഡ്, മണിപ്പൂർ, മിസോറാം, മേഘാലയ സംസ്ഥാനങ്ങളിലായി 19 രാജ്യസഭാ സീറ്റുകളിലേക്കാണ് വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ എട്ട് സീറ്റിൽ ബിജെപിയും നാല് സീറ്റിൽ കോൺഗ്രസും വിജയിച്ചു. ആന്ധ്രയിലെ നാല് സീറ്റിലും ഭരണകക്ഷി വൈഎസ്ആർ കോൺഗ്രസ് വിജയം നേടി.

മണിപ്പൂർ, മേഘാലയ, മിസോറാം സംസ്ഥാനങ്ങളിൽ ഓരോ സീറ്റുകളിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. മണിപ്പൂരിൽ ബിജെപിയും മേഘാലയിൽ മേഘാലയ ഡെമോക്രാറ്റിക് അലയൻസും മിസോറാമിൽ മിസോ നാഷനൽ ഫ്രണ്ടും വിജയിച്ചു.

മധ്യപ്രദേശിലും ഗുജറാത്തിലും ഈ വർഷം രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബിജെപി എംഎൽഎമാരുടെ എണ്ണത്തിൽ വർധനവുണ്ടായി. കോൺഗ്രസിൽ നിന്നുള്ള എം‌എൽ‌എമാർ ബിജെപിയിലേക്ക് ചേക്കേറിയതും ഇതിൽ സ്വാധീന ഘടകമായി.

ഈ വർഷം തിരഞ്ഞെടുപ്പ് നടന്ന 61 സീറ്റിൽ എതിരില്ലാതെയും അല്ലാതെയുമായി ബിജെപി 17 എണ്ണത്തിലാണ് വിജയിച്ചത്. കോൺഗ്രസ് ഒൻപത് സീറ്റിലും വിജയിച്ചു. ബിജെഡിയും തൃണമൂൽ കോൺഗ്രസും നാല് വീതം സീറ്റിലും എഐഎഡിഎംകെയും ഡിഎംകെയും മൂന്നു വീതം സീറ്റിലും ജയിച്ചു. ജെഡിയു മൂന്നു സീറ്റിലും എൻസിപി, ആർജെഡി, ടിആർഎസ് കക്ഷികൾ ഓരോ സീറ്റുകളിലും ജയിച്ചു. മറ്റു ചെറിയ കക്ഷികളാണ് ബാക്കിയുള്ള സീറ്റുകളിൽ വിജയിച്ചത്.

കോൺഗ്രസും ഇടതുപക്ഷവും തൃണമൂൽ കോൺഗ്രസും അടക്കം പ്രതിപക്ഷത്തിന്റെ ആൾബലം കുറയുന്നത് കഴിഞ്ഞ വർഷം ലോക്സഭാ തെരഞ്ഞെടുപ്പിൽ 303 സീറ്റുകൾ നേടി ബിജെപി അധികാരത്തിലെത്തിയത് മുതൽ തന്നെ ദൃശ്യമായിട്ടുണ്ട്.കോൺഗ്രസ്, ടിഡിപി, സമാജ്‌വാദി പാർട്ടി അടക്കമുള്ള പാർട്ടികളിൽ നിന്നുള്ള രാജ്യ സഭാ അംഗങ്ങളടക്കം ബിജെപിയിലേക്ക് ചേക്കേറുകയും പല എൻഡിഎ ഇതര കക്ഷികളും സുപ്രധാന വിഷയങ്ങളിൽ കേന്ദ്രസർക്കാരിന് പിന്തുണ നൽകുകയും ചെയ്തിരുന്നു.

Read More: കർണാടകയ്ക്കും മദ്ധ്യപ്രദേശിനും പിറകേ രാജസ്ഥാൻ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമമെന്ന് കോൺഗ്രസ്

ബിജെപി രാഷ്ട്രീയ കുതിരക്കച്ചവടം നടത്തുന്നതായി കോൺഗ്രസ് കുറ്റപ്പെടുത്തിയിരുന്നു. രാഷ്‌ട്രീയ നേട്ടങ്ങൾക്കായി നേതാക്കളെ കാലുമാറ്റുന്നതിനുള്ള തന്ത്രങ്ങൾ തയ്യാറാക്കുകയാണ് ബിജെപി ചെയ്തതെന്നും കോൺഗ്രസ് അഭിപ്രായപ്പെടുന്നു.

ആർട്ടിക്കിൾ 370 അസാധുവാക്കാനും ജമ്മു കശ്മീർ സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുന്നതിനുമുള്ള തീരുമാനങ്ങൾക്കും, മുത്വലാഖ് ബില്ലിനും സർക്കാരിന് വലിയ പിന്തുണ സഭകളിൽ ലഭിച്ചിരുന്നു. വിവാദപരമായ പൗരത്വ (ഭേദഗതി) ബില്ലും ഇരുസഭകളിലും പാസാക്കി.

ബിജെപിയുടെ ജ്യോതിരാദിത്യ സിന്ധ്യ, കോൺഗ്രസിലെ മല്ലികാർജുൻ ഖാർഗെ എന്നിവരടക്കം പുതിയ 61 അംഗങ്ങളിൽ 43 പേർ ആദ്യമായാണ് രാജ്യസഭയിലെത്തുന്നത്. എന്നിവരും ഉൾപ്പെടുന്നു. ഇരുവരും മുൻ ലോക്സഭാ അംഗങ്ങളാണെങ്കിലും 2019 ലെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു. മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവേഗൗഡ, മുൻ ലോക്സഭാ ഡെപ്യൂട്ടി സ്പീക്കർ എം തമ്പി ദുരൈ എന്നിവരെയും രാജ്യസഭയിലേക്ക് തിരഞ്ഞെടുത്തു.

Read More: കെ.സി.വേണുഗോപാൽ രാജ്യസഭയിലേക്ക്; എട്ട് സീറ്റിൽ ബിജെപിക്കും നാല് സീറ്റിൽ കോൺഗ്രസിനും ജയം

ലോക്‌സഭാ മുൻ എംപിയും കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാവുമായ കെ.സി.വേണുഗോപാൽ രാജസ്ഥാനിൽ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഝാർഘണ്ഡ് മുൻ മുഖ്യമന്ത്രിയും ജെഎംഎം മേധാവിയുമായ ഷിബു സോറനും ഇത്തവണ രാജ്യസഭയിലെത്തി.

മോദി സർക്കാറിന്റെ ആദ്യ ടേമിൽ നിയമനിർമ്മാവുമായി ബന്ധപ്പെട്ട് ഭരണകക്ഷിയുടെ താൽപര്യങ്ങൾ പലപ്പോഴും പാർലമെന്റിൽ പരാജയപ്പെടാൻ കാരണം രാജ്യസഭയിൽ പ്രതിപക്ഷത്തിനുള്ള അംഗബലമായിരുന്നു. ഒന്നാം മോദി സർക്കാരിന്റെ ആദ്യ വർഷങ്ങളിൽ രാജ്യസഭയിൽ ബിജെപിയേക്കാൾ കൂടുതൽ അംഗങ്ങൾ കോൺഗ്രസിനുണ്ടായിരുന്നു.

എന്നാൽ, വിവിധ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിക്കുണ്ടായ നേട്ടങ്ങളും നിരവധി സംസ്ഥാനങ്ങളിൽ കോൺഗ്രസിന് അധികാരം നഷ്ടപ്പെട്ടതും സഭയിലെ അംഗസംഖ്യ ക്രമേണ മാറി മറിയാൻ കാരണമായി. 2018 മുതലുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയങ്ങൾ കൂടി പരിഗണിച്ചാൽ രാജ്യസഭയിൽ പാർട്ടിയുടെ ഭൂരിപക്ഷം വർധിക്കുമെന്ന സൂചനയാണ് ലഭിക്കുക.

Read More: NDA widens gap with Opposition in Rajya Sabha

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook