രാജ്യസഭയിൽ കന്നി പ്രസംഗത്തിനെത്തിയ സച്ചിൻ തെൻഡുൽക്കറെ സംസാരിക്കാൻ പ്രതിപക്ഷ അംഗങ്ങൾ അനുവദിച്ചിരുന്നില്ല. തന്റെ പ്രസംഗം തടസ്സപ്പെടുത്തിയവർക്ക് ഫെയ്സ്ബുക്ക് പേജിലൂടെയാണ് സച്ചിൻ മറുപടി നൽകിയത്. രാജ്യസഭയിൽ പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ സോഷ്യൽമീഡിയ വഴി സച്ചിൻ സംസാരിച്ചു.

ഇന്ത്യയെ എങ്ങനെ ഒരു കായിക രാജ്യമാക്കി മാറ്റാമെന്നതിനെക്കുറിച്ചാണ് സച്ചിൻ സംസാരിച്ചത്. ”ലോകത്തെ മാറ്റിമറിക്കാൻ സ്‌പോർട്സിനു സാധിക്കും. സ്‌പോർട്സിനു ജനങ്ങളെ പ്രചോദരക്കാനുളള ശക്തിയുണ്ട്. രാജ്യത്ത് ശ്രദ്ധ ആവശ്യമുളള നിരവധി കാര്യങ്ങളുണ്ട്. ഒരു സ്‌പോർട്സ്മാൻ എന്ന നിലയ്ക്കാണ് ഞാൻ സ്‌പോർട്സിനെക്കുറിച്ച് സംസാരിക്കുന്നത്. സ്‌പോർട്സിനെ ഇഷ്ടപ്പെടുന്ന രാജ്യത്തിൽനിന്നും സ്‌പോർട്സ് രാജ്യമാക്കി ഇന്ത്യയെ മാറ്റാനാണ് എന്റെ പരിശ്രമം. എന്റെ ഈ പരിശ്രമത്തിൽ പങ്കാളികളാകണമെന്നും എന്റെ ആഗ്രഹം സഫലീകരിക്കാൻ സഹായിക്കണമെന്നും ഞാൻ നിങ്ങളോട് അഭ്യർഥിക്കുന്നു”. സ്‌പോർട്സിൽ ആൺകുട്ടികൾക്ക് നൽകുന്ന അതേ പിന്തുണ പെൺകുട്ടികൾക്കും മാതാപിതാക്കൾ നൽകണമെന്ന് സച്ചിൻ ആവശ്യപ്പെട്ടു.

രാജ്യസഭാംഗമായി അഞ്ച് വർഷം തികച്ച സച്ചിന് ഒരു വർഷം മാത്രമാണ് ഇനി ബാക്കിയുള്ളത്. എന്നാൽ ഇതുവരെയും സച്ചിൻ രാജ്യസഭയിൽ പ്രസംഗിച്ചിരുന്നില്ല. ഇന്നലെ ആദ്യമായാണ് സച്ചിൻ തെൻഡുൽക്കർ ചർച്ചയ്ക്ക് എത്തിയത്. ‘കളിക്കാനുളള അവകാശവും കായികരംഗത്തെ ഭാവിയും’ എന്ന വിഷയത്തിൽ ഹ്രസ്വ ചർച്ചയ്ക്ക് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സച്ചിന് സംസാരിക്കാൻ സ്പീക്കർ സമയം അനുവദിച്ചിരുന്നത്. എന്നാൽ സംസാരിക്കാനായി സച്ചിൻ എഴുന്നേറ്റയുടൻ കോൺഗ്രസ് നേതാവ് ആനന്ദ് ശർമ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാക് പരാമർശം ഉയർത്തി. പ്രധാനമന്ത്രിയുടെ വിശദീകരണം ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധം തുടങ്ങി.

ഭാരതരത്ന കിട്ടിയ വ്യക്തിയാണ് സച്ചിനെന്നും അദ്ദേഹത്തെ സംസാരിക്കാൻ അനുവദിക്കണമെന്നും സ്പീക്കർ വെയ്യങ്ക നായിഡു പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. അതിനുശേഷം സച്ചിനോട് സംസാരിക്കാൻ സ്പീക്കർ പറഞ്ഞു. പക്ഷേ അപ്പോഴേക്കും സച്ചിന്റെ വീര്യമെല്ലാം ചോർന്നിരുന്നു. സംസാരിക്കാൻ ശ്രമിച്ചെങ്കിലും വാക്കുകൾ പുറത്തുവന്നില്ല. സ്പീക്കർ ആംഗ്യത്തിലൂടെ സച്ചിനോട് സംസാരിക്കാൻ വീണ്ടും ആവശ്യപ്പെട്ടെങ്കിലും വാക്കുകൾ വിഴുങ്ങിയ സച്ചിൻ പ്രതിപക്ഷ ബഹളത്തിനു മുന്നിൽ പകച്ചുനിൽക്കുന്ന കാഴ്ചയാണ് രാജ്യസഭയിൽ കണ്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook