ന്യൂഡല്‍ഹി: വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളുടെ സംരക്ഷണം കൂടുതല്‍ ശക്തമാക്കുന്നതിനും അനധികൃതമായി വന്യജീവികളെ വ്യാപാരം നടത്തുന്നവര്‍ക്കുള്ള ശിക്ഷ വര്‍ധിപ്പിക്കുന്നതിനുമുള്ള വന്യജീവി സംരക്ഷണ ഭേദഗതി ബില്‍ (2022) രാജ്യസഭ പാസാക്കി.
മൺസൂൺ സമ്മേളനത്തിൽ ഓഗസ്റ്റ് രണ്ടിന് ലോക്സഭ പാസാക്കിയ ബിൽ പരിസ്ഥിതി, വനം മന്ത്രി ഭൂപേന്ദർ യാദവാണ് രാജ്യസഭയില്‍ അവതരിപ്പിച്ചത്.
ചില നിയമനിർമ്മാണ നടപടികൾ ആവശ്യമായ വന്യമൃഗങ്ങളുടേയും സസ്യജാലങ്ങളുടേയും വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടേയും രാജ്യാന്തര വ്യാപാരം സംബന്ധിച്ച കൺവെൻഷനിൽ ഇന്ത്യ ഒപ്പുവച്ചതായി മന്ത്രി പറഞ്ഞു.
വനഭൂമി സംരക്ഷിക്കുന്നത് നിർണായകമാണെങ്കിലും കാലങ്ങളായി അവിടെ താമസിക്കുന്ന ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടത് ഒരുപോലെ പ്രധാനമാണെന്ന് ബില്ലിന്മേലുള്ള ചർച്ചയ്ക്ക് മറുപടിയായി യാദവ് അഭിപ്രായപ്പെട്ടു.
എൻഡിഎ സർക്കാർ 2014-ൽ അധികാരമേറ്റ ശേഷം രാജ്യത്ത് പ്രകൃതിസംരക്ഷണം വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് വന്യജീവികളെ സംരക്ഷിക്കാൻ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.
റിയൽ എസ്റ്റേറ്റ് വമ്പന്മാരും കോർപ്പറേറ്റുകളും വനം നശിപ്പിക്കുകയും വന്യജീവികളെ ഉപദ്രവിക്കുകയും ചെയ്യുകയാണെന്ന് കോൺഗ്രസ് രാജ്യസഭാംഗം കുമാർ കേത്കർ ആരോപിച്ചു. വന്യജീവികളെ സംരക്ഷിക്കുന്നതിന്, നിയമങ്ങൾ കർശനമാക്കുക മാത്രമല്ല, അവയുടെ നടപ്പാക്കലും ഒരുപോലെ കർശനമാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേഷ് ബില്ലിനെ എതിര്‍ത്തു. ബന്ദികളാക്കിയിട്ടുള്ള ആനകളെ മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാമെന്ന വ്യവസ്ഥയിൽ ആശങ്ക പ്രകടിപ്പിച്ച ജയറാം ഇത് ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടെന്നും ചൂണ്ടിക്കാണിച്ചു.