ന്യൂഡല്‍ഹി: രാജ്യസഭാ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്ഥാനാര്‍ഥിയാകാനുള്ള സാധ്യതകള്‍ തള്ളാതെ കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണി. “ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി ആലോചിച്ച് ഉചിതമായ തീരുമാനം സ്വീകരിക്കും. അതിന് ശേഷം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും. താന്‍ മത്സരിക്കുന്ന കാര്യത്തില്‍ പാര്‍ട്ടിയാണ് അന്തിമ തീരുമാനം എടുക്കേണ്ടത്,” ജോസ് കെ. മാണി പറഞ്ഞു.
ജോസ് കെ. മാണി രാജിവച്ച രാജ്യസഭാ സീറ്റിലേക്ക് ഇന്നാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. നവംബര്‍ 29-ാം തിയതിയാണ് ഉപതിരഞ്ഞെടുപ്പ്. ഒന്‍പതാം തിയതി തിരഞ്ഞെടുപ്പ് സംബന്ധിച്ച് വിജ്ഞാപനം ഇറങ്ങും. നാമനിര്‍ദേശ പത്രിക 16-ാം തിയതിക്കുള്ളില്‍ സമര്‍പ്പിക്കണം. 29 ന് രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് നാല് വരെയാണ് വോട്ടെടുപ്പ്. അഞ്ച് മണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കും.
ഒഴിവുവന്ന സീറ്റിലേക്ക് തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് എംഎൽഎമാരായ കെ. എൻ. ഉണ്ണികൃഷ്‌ണൻ, വി. ആർ. സുനിൽ കുമാർ, ജോബ് മൈക്കിൾ എന്നിവര്‍ ഹൈക്കോടതിയില്‍ ഹർജി നല്‍കിയിരുന്നു. ഹര്‍ജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
2021 കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായാണ് ജോസ് കെ. മാണി എംപി സ്ഥാനം രാജിവച്ചത്. കേരള കോണ്‍ഗ്രസ് യുഡിഎഫിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നപ്പോഴാണ് ജോസ് കെ. മാണിയെ എംപിയായി തിരഞ്ഞെടുത്തത്. പിന്നീട് ജോസ് പക്ഷം ഇടുതുപാളയത്തിലേക്ക് എത്തിയതും രാജിക്ക് കാരണമായി. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലായില്‍ ജോസ് കെ. മാണി പരാജയപ്പെട്ടു.
Also Read: അടുത്ത വർഷം അവസാനത്തോടെ 500 കോടി ഡോസ് വാക്സിൻ ഉത്പാദിപ്പിക്കാൻ ഇന്ത്യ തയ്യാർ: ജി-20 യിൽ പ്രധാനമന്ത്രി
ഈ വർഷം ജനുവരി 11 മുതൽ ഒഴിവുവന്ന സീറ്റിന്റെ കാലാവധി 2024 ജൂലൈ ഒന്ന് വരെ ആണ്.
രാജ്യത്ത് കോവിഡ്-19 ന്റെ രണ്ടാം തരംഗം ഉടലെടുത്തതിനാൽ രാജ്യസഭാ സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത് ഉചിതമല്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചിരുന്നു. മഹാമാരി സാഹചര്യം ഗണ്യമായി മെച്ചപ്പെടുകയും ഉപതിരഞ്ഞെടുപ്പ് നടത്താൻ സാഹചര്യം അനുകൂലമാകുകയും ചെയ്യുന്നതുവരെ കേരളത്തിൽ നിന്ന് ഒഴിവ് വന്ന രാജ്യസഭ സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത് ഉചിതമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചിരുന്നു.
പിന്നീട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കേരളത്തിലെ സ്ഥിതിഗതികൾ വീണ്ടും വിലയിരുത്തുകയും പ്രസക്തമായ എല്ലാ വസ്തുതകളും കണക്കിലെടുത്ത് ഉപതെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിക്കുകയായിരുന്നു.
നവംബർ ഒമ്പതിനാണ് തിരഞ്ഞെടുപ്പു വിജ്ഞാപനം പുറപ്പെടുവിക്കുന്ന തീയതി. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി – നവംബർ 16. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന – നവംബർ 17ന് നടക്കും. നവംബർ 22 ആണ് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി.
നവംബർ 29 തിങ്കളാഴ്ച രാവിലെ ഒമ്പത് മുതൽ വൈകിട്ട് നാല് വരെയാണ് തിരഞ്ഞെടുപ്പ്. വോട്ടെണ്ണൽ നവംബർ 29ന് വൈകിട്ട് അഞ്ച് മണിയോടെ പൂർത്തിയാവും. തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കേണ്ട അവസാന തീയതി ഡിസംബർ ഒന്നാണ്.