ജയ്‌പൂർ: ലൗ ജിഹാദിന്റെ പേരിൽ രാജസ്ഥാനിൽ മുസ്ലിം യുവാവിനെ വെട്ടിക്കൊന്ന ശേഷം കത്തിച്ചു. ഇതിന്റെ വിഡിയോ ക്യാമറയിൽ പകർത്തിയ ശേഷം ഇന്റർനെറ്റിൽ പ്രചരിപ്പിച്ചു. വിഡിയോ പ്രചരിക്കുന്നത് തടയാൻ രാജസ്ഥാനിലെ രാജ്‌സമന്തിൽ ഇന്റർനെറ്റ് സർക്കാർ നിരോധിച്ചു. എൻഡി‌ടിവിയാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

രാജ്‌സമന്ത് ജില്ലയിലെ റോഡരികിൽ നിന്ന് പൊലീസ് ബംഗാൾ സ്വദേശിയായ അഫ്രാസുല്ലിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. വീഡിയോ ദൃശ്യങ്ങളിൽ നിന്നും കൊലപാതകി ശംഭു ലാൽ എന്ന രാജ്‌സമന്ത് സ്വദേശിയാണെന്ന് വ്യക്തമായി. ഇയാളെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തു.

വെട്ടേറ്റ് വീണ ശേഷം എന്തിനാണ് താൻ കൊല നടത്തിയതെന്ന് ശംഭു ക്യാമറയിൽ നോക്കി വിശദീകരിക്കുന്നുണ്ട്. ഈ സമയത്താണ് ലൗ ജിഹാദ് എന്ന ആരോപണം ഉയർത്തുന്നത്. ഹിന്ദു സ്ത്രീയെ ലൗ ജിഹാദിൽ നിന്ന് രക്ഷിക്കാനാണ് താൻ ഈ കൊലപാതകം നടത്തുന്നതെന്നാണ് ശംഭു ലാൽ വിഡിയോയിൽ പറയുന്നത്.

അതേസമയം ഈ ദൃശ്യം പകർത്തിയ മൂന്നാമനെ പൊലീസ് തിരിച്ചറിഞ്ഞിട്ടില്ല. കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായാണ് സംസ്ഥാന ആഭ്യന്തര മന്ത്രിയുടെ വിശദീകരണം.

“ഒരു മനുഷ്യനെ കൊല്ലുകയും അതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തത് ഞെട്ടിപ്പിക്കുന്നു” എന്ന് രാജസ്ഥാൻ ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് കട്ടാരിയ പറഞ്ഞു.

വെസ്റ്റ് ബംഗാളിലെ മാൾർ സ്വദേശിയാണ് കൊല്ലപ്പെട്ട അഫ്രാസുൽ (48). ഐപിസി സെക്ഷൻ 302, 201 വകുപ്പുകൾ പ്രകാരമാണ് ശംഭുലാലിനെതിരെ കേസെടുത്തിരിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ