ലക്‌നൗ: ഉത്തര്‍പ്രദേശിലെ മീററ്റില്‍ ഇതരമതസ്ഥരായ കമിതാക്കളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. രജ്പുത് മതവിഭാഗത്തില്‍ നിന്നുള്ള പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയും മുസ്‌ലിം മതവിഭാഗത്തില്‍ നിന്നുള്ള 21കാരനായ ഖാലിദിനേയുമാണ് വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.

‘സര്‍ദ്ദനയ്ക്കടുത്തുള്ള ഗ്രാമത്തിലാണ് സംഭവം നടന്നത്. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്. എന്നാല്‍ കുടുംബങ്ങളില്‍ നിന്നും എതിര്‍പ്പുണ്ടാകുമെന്ന് ഭയന്ന് വിഷം കഴിക്കുകയായിരുന്നു. രണ്ടു പേരേയും രണ്ട് ആശുപത്രികളാണ് പ്രവേശിപ്പിച്ചത്. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടത്തി. മൃതദേഹം സംസ്‌കരിച്ചു,’ അഡീഷണല്‍ റൂറല്‍ എസ്പി രാജേഷ് കുമാര്‍ പറഞ്ഞു.

പെണ്‍കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍ കമാല്‍ ഖാന്റെ ക്ലിനിക് ഒരുകൂട്ടം രജ്പുത് മതസ്ഥരായ ചെറുപ്പക്കാര്‍ തല്ലിത്തകര്‍ത്തുവെന്നാണ് പൊലീസ് പറയുന്നത്.

‘ഇരുപതോളം വരുന്ന ചെറുപ്പക്കാര്‍ ചേര്‍ന്നാണ് ക്ലിനിക് തല്ലിത്തകര്‍ത്തത്. കൃത്യസമയത്ത് ശരിയായ ചികിത്സ നല്‍കിയിരുന്നെങ്കില്‍ പെണ്‍കുട്ടി മരിക്കില്ലായിരുന്നു എന്നാണ് അവര്‍ പറയുന്നത്. ഡോക്ടറുടെ ക്ലിനിക്കും കാറുമെല്ലാം തല്ലിത്തകര്‍ത്തു. അദ്ദേഹത്തെ ഗ്രാമത്തിനു പുറത്ത് മറ്റൊരു സ്ഥലത്തേക്കു മാറ്റിയിരിക്കുകയാണ്,’ എഎസ്പി പറഞ്ഞു.

ഖാലിദും പെണ്‍കുട്ടിയും തമ്മില്‍ പ്രണയത്തിലായിരുന്നു എന്ന വാര്‍ത്ത പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നിഷേധിച്ചിരിക്കുകയാണ്. ഖാലിദിന്റേയും തങ്ങളുടേയും കുടുംബങ്ങള്‍ തൊട്ടടുത്തായിരുന്നു താമസിച്ചിരുന്നതെന്നും പരസ്പരം അറിയാമെന്നതൊഴിച്ചാല്‍ തങ്ങളുടെ മകള്‍ക്ക് അവരുമായി സൗഹൃദം പോലുമില്ലെന്നും പറഞ്ഞ പെണ്‍കുട്ടിയുടെ അമ്മ, ഖാലിദ് തന്റെ മകള്‍ക്ക് വിഷം നല്‍കിയതാണെന്നും ആരോപിച്ചു.

ഗ്രാമത്തില്‍ വര്‍ഗീയ കലാപം ഉണ്ടാകുമോ എന്നു ഭയന്ന് ഖാലിദിന്റേതുള്‍പ്പെടെ ഒട്ടേറെ മുസ്‌ലിം കുടുംബങ്ങള്‍ അവിടെ നിന്നും മറ്റൊരു സ്ഥലത്തേക്ക് പാലായനം ചെയ്തിരിക്കുകയാണ്. എന്നാൽ അത്തരത്തിലുള്ള പ്രശ്നങ്ങൾക്കുള്ള സാധ്യത നിലവിലില്ല എന്നാണ് പൊലീസ് ഉദ്യോഗസ്ഥർ അറിയിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook