രാഷ്ട്രീയ പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിച്ച തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് ദ്രാവിഡ മുന്നേറ്റ കഴകം പ്രസിഡന്റ്‌ എം കരുണാനിധിയെ സന്ദര്‍ശിച്ച് അനുഗ്രഹം തേടി. തന്‍റെ രാഷ്ട്രീയ പ്രവേശത്തെക്കുരിച്ചും തുടങ്ങാനിരിക്കുന്ന പാര്‍ട്ടിയെക്കുറിച്ചും അദ്ദേഹവുമായി സംസാരിച്ചുവെന്നും രജനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കരുണാനിധിയ്ക്ക് പുതു വത്സരം ആശംസിച്ച രജനി, അദ്ദേഹത്തിന്‍റെ ആരോഗ്യകാര്യങ്ങള്‍ തിരക്കി. ഡിസംബര്‍ 31 നാണ് രജനികാന്ത് താന്‍ രാഷ്ട്രീയത്തിലേക്ക് കടക്കുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഒരു പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും തന്റേത് ‘ആത്മീയ രാഷ്ട്രീയ’മായിരിക്കും എന്നും രജനി പറഞ്ഞിരുന്നു.

കരുണാനിധിയുടെ വസതിയില്‍ എത്തിയ രജനി അദ്ദേഹത്തിന്‍റെ പത്നി ദയാലു അമ്മാളിനെയും സന്ദര്‍ശിച്ചു.

രജനി തന്‍റെ അച്ഛനും മുതിര്‍ന്ന നേതാവുമായ കരുണാനിധിയെ കാണാന്‍ താത്പര്യം പ്രകടിപ്പിച്ച് അവിടെ എത്തിയതാണ് എന്ന്  കരുണാനിധിയുടെ മകനും ഡി എം കെ നേതാവുമായ എം. കെ സ്റ്റാലിൻ പറഞ്ഞു.  രജനി-കരുണാനിധി സമാഗമത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു എം കെ സ്റ്റാലിന്‍. മുതിര്‍ന്നവരുടെ അനുഗ്രഹം തേടുക എന്നത് നാട്ടുനടപ്പാണ് എന്നും സ്റ്റാലിന്‍ പറഞ്ഞു. ഡി എം കെ നേതാവ് വിജയകാന്തും പുതിയ പാര്‍ട്ടി രൂപീകരണ വേളയില്‍ കരുണാനിധിയെ കണ്ട് അനുഗ്രഹം തേടിയിരുന്നു എന്നും സ്റ്റാലിന്‍ ഓര്‍മ്മിച്ചു.

ഡി എം കെ രജനിയെ പിന്തുണയ്ക്കുമോ എന്നത് തെരഞ്ഞെടുപ്പു സമയത്ത് തീരുമാനിക്കും എന്നും സ്റ്റാലിന്‍ പറഞ്ഞു. രജനിയുടെ പുതിയ പാര്‍ട്ടി ദ്രാവിഡ പാര്‍ട്ടികളെ തുടച്ചു മാറ്റുമോ എന്ന ചോദ്യത്തിന് ദ്രാവിഡ സംസ്കാരം ഈ നാട്ടില്‍ നിന്നും ഉന്മൂലനം ചെയ്യാന്‍ ആര്‍ക്കും സാധ്യമല്ല എന്നായിരുന്നു സ്റ്റാലിന്റെ മറുപടി.

ഡി എം കെ യെ 1996 ൽ അധികാരത്തിലേയ്ക്ക് തിരികെ കൊണ്ടുവരുന്നതിൽ രജനീകാന്തിന് നിർണായകമായ പങ്കുണ്ടായിരുന്നു. രാഷ്ട്രീയത്തിൽ ഇല്ലാതിരുന്നുവെങ്കിലും അന്നത്തെ ജയലളിത സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചുകൊണ്ടു രജനി എല്ലാവരെയും ഞെട്ടിച്ചു. “ജയലളിത സര്‍ക്കാരിനെ വീണ്ടും അധികാരത്തില്‍ ഏറ്റിയാല്‍ ദൈവം പോലും ക്ഷമിക്കില്ല”എന്ന രജനിയുടെ പ്രഖ്യാപനമാണ് ആ സര്‍ക്കാരിന്റെ വീഴ്ചയില്‍ എത്തിയത്. കോൺഗ്രസ്സ് വിട്ട് ജി. കെ.മൂപ്പനാർ രൂപീകരിച്ച ടി എം സിയും ഡി എം കെ യുമായി ഒന്നിച്ച് മത്സരിച്ചതും അവര്‍ ഭരണം പിടിച്ചെടുത്തതും രജനിയുടെ പങ്ക് ചെറുതായിരുന്നില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ