ന്യൂഡല്‍ഹി: നിയന്ത്രണരേഖയില്‍ ചൈനയുമായുള്ള സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പട്ട ശേഷം ആദ്യമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിങ് ലേ സന്ദര്‍ശിച്ചു. അദ്ദേഹം ലുക്കുങ് പോസ്റ്റിലെ ഇന്ത്യന്‍ സൈനികരുമായി സംവദിച്ചു. ഇരുരാജ്യങ്ങളും തമ്മിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ചര്‍ച്ചകള്‍ നടക്കുകയാണെന്നും ലോകത്തൊരു ശക്തിക്കും ഇന്ത്യയുടെ ഭൂമി പിടിച്ചെടുക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.
ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് പറഞ്ഞ മന്ത്രി എത്രമാത്രം പരിഹരിക്കപ്പെടുമെന്ന് പറയാന്‍ ആകില്ലെന്നും കൂട്ടിച്ചേര്‍ത്തു. “അതില്‍ എനിക്ക് ഗ്യാരന്റി നല്‍കാന്‍ കഴിയില്ല,” അദ്ദേഹം പറഞ്ഞു.
ജൂണ്‍ 15-ന് ഗാല്‍വാന്‍ താഴ് വരയില്‍ 20 സൈനികര്‍ കൊല്ലപ്പെട്ട് ഒരു മാസം കഴിഞ്ഞാണ് പ്രതിരോധ മന്ത്രി ലേ സന്ദര്‍ശിക്കുന്നത്.
ഇന്ത്യയൊരു ദുര്‍ബല രാജ്യമല്ലെന്നും നമ്മുടെ ഭൂമിയുടെ ഓരോ ഇഞ്ചും സംരക്ഷിക്കാന്‍ നമ്മള്‍ നിശ്ചയിട്ടുണ്ടെന്നും കിഴക്കന്‍ ലഡാക്കിലെ സൈനിക ബേസില്‍ അദ്ദേഹം പറഞ്ഞു. സൈനികരുടെ ധീരതയും ബലിയും പാഴായിപ്പോകില്ലെന്ന് മന്ത്രി ഉറപ്പ് നല്‍കി.
ജൂലൈ മൂന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അപ്രതീക്ഷിത സന്ദര്‍ശനം ലഡാക്കില്‍ നടത്തിയിരുന്നു.
ഡിഫന്‍സ് സ്റ്റാഫ് തലവന്‍ ജനറല്‍ ബിപിന്‍ റാവത്തും സൈനിക തലവന്‍ ജനറല്‍ എംഎം നര്‍വാനേയും പ്രതിരോധ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. മെയ് 5 മുതല്‍ എട്ട് ആഴ്ച്ചയോളം കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യയുടേയും ചൈനയുടേയും സൈനികര്‍ തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. 20 ഇന്ത്യന്‍ സൈനികര്‍ ഗാല്‍വാനില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ബന്ധം വഷളായിരുന്നു. തുടര്‍ന്ന്, അനവധി സൈനിക, നയതന്ത്ര ചര്‍ച്ചകള്‍ സംഘര്‍ഷം ലഘൂകരിക്കുന്നതിന് നടന്നു. ജൂലൈ ആറ് മുതല്‍ ഇരുരാജ്യങ്ങളും പരസ്പര ധാരണ പ്രകാരം സംഘര്‍ഷ മേഖലകളില്‍ നിന്നും സൈന്യത്തെ പിന്‍വലിച്ചിരുന്നു.
Read in English: Rajnath Singh visits Leh, says no force in world can take away land from India