ന്യൂഡൽഹി: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഇന്ത്യയുടെ ആദ്യ റഫാൽ യുദ്ധവിമാനം ഇന്ന് ഏറ്റുവാങ്ങും. ഫ്രാൻസിലെ പാരിസിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണുമായി കൂടിക്കാഴ്ച നടത്തുന്ന രാജ്നാഥ് സിങ് ഇതിന് ശേഷമാകും 36 റഫാൽ യുദ്ധവിമാനങ്ങളിൽ ആദ്യത്തേത് ഏറ്റുവാങ്ങുക. റഫാലിൽ യാത്ര ചെയ്യുന്ന കേന്ദ്രമന്ത്രി ഫ്രാൻസിൽ ആയുധ പൂജയിലും പങ്കെടുക്കുന്നുണ്ട്. ആധുനിക സാങ്കേതികവിദ്യയുപയോഗിച്ചു ഫ്രഞ്ച് കമ്പനി ഡാസോ ഏവിയേഷൻ നിർമിച്ച റഫാൽ വിമാനങ്ങൾക്ക് അത്യാധുനിക മിസൈലുകൾ വഹിക്കാനാവും.
റഫാൽ നിർമ്മാതാക്കളായ ദസോ ഏവിയേഷന്റെ നിർമ്മാണ കേന്ദ്രത്തിൽ വച്ചാണ് കൈമാറ്റ ചടങ്ങു നടക്കുന്നത്. ഇന്ത്യൻ പൈലറ്റുമാർക്ക് റഫാലിൽ പരിശീലനം ലഭിക്കുന്നതേയുള്ളു എന്നതിനാൽ ഫ്രഞ്ച് പൈലറ്റ് ആയിരിക്കും വിമാനം പറത്തുക എന്ന് വ്യോമ സേന അറിയിച്ചു. ഫ്രഞ്ച് സേനയിലെമുതിർന്ന ഉദ്യോഗസ്ഥർ, നിർമാതാക്കളായ ദസോ ഏവിയേഷൻ പ്രതിനിധികൾ എന്നിവരും കൈമാറ്റ ചടങ്ങിന് സാക്ഷിയാകും.
Also Read: റഫാൽ അഴിമതിയുടെ തുടക്കവും ഒടുക്കവും മോദി തന്നെ: രാഹുൽ ഗാന്ധി
2016ലാണ് 59000 കോടി രൂപയുടെ കരാറിൽ ഇന്ത്യ നൽകുന്നത്. 36 റഫാൽ യുദ്ധവിമാനങ്ങളാണ് ഇന്ത്യ വാങ്ങുന്നത്. ആദ്യ യുദ്ധവിമാനം ഇന്ന് ഇന്ത്യക്ക് കൈമാറുമെങ്കിലും 2020 മെയ് മാസത്തോടെ മാത്രമേ റഫാൽ ഇന്ത്യയിലെത്തു. അടുത്ത ആറ് മാസക്കാലം ഇന്ത്യൻ പൈലറ്റുമാർക്ക് യുദ്ധവിമാനം പറത്തുന്നതിനുള്ള പരിശീലനം ഫ്രാൻസിൽ തന്നെ നൽകും. 2022 സെപ്റ്റംബറോടുകൂടി 36 റഫാൽ യുദ്ധവിമാനങ്ങളും ഇന്ത്യയിലെത്തുമെന്നാണ് കരുതുന്നത്.
ഒന്നാം മോദി സർക്കാരിനെതിരെ വലിയ ആരോപണങ്ങളാണ് റഫാൽ യുദ്ധവിമാനം വാങ്ങുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയർത്തിയത്. ഇന്ത്യയെക്കാൾ കുറഞ്ഞ വിലയ്ക്ക് ഖത്തറിന് വിമാനങ്ങൾ ലഭ്യമായതോടെയാണ് കരാർ വിവാദമായത്.
Also Read: റഫാൽ ഇടപാട്: റിലയൻസിനെ പങ്കാളിയാക്കാനുളള തീരുമാനം കമ്പനിയുടേതാണെന്ന് ഡാസോ ഏവിയേഷൻ സിഇഒ
2012 ൽ മൻമോഹൻ സിങ്ങിന്റെ ഭരണകാലത്ത് 126 യുദ്ധവിമാനങ്ങൾ ഫ്രാൻസിൽനിന്നും വാങ്ങാൻ തീരുമാനിച്ചിരുന്നു. ഇതിൽ മാറ്റം വരുത്തിയാണ് മോദി സർക്കാർ വൻ തുകയ്ക്ക് 36 വിമാനങ്ങൾ വാങ്ങാൻ കരാർ ഒപ്പിട്ടത്. 2015 ഏപ്രിലില്‍ നരേന്ദ്ര മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനവേളയിലാണ് വിമാനങ്ങള്‍ വാങ്ങാന്‍ ധാരണയായത്. കരാറിലൂടെ 12,000 കോടിയുടെ നഷ്ടം രാജ്യത്തിനുണ്ടായെന്നാണ് കോൺഗ്രസ് ആരോപണം. പദ്ധതിയുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ റിലയന്‍സ് ഗ്രൂപ്പിന് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത് സംബന്ധിച്ചും കോൺഗ്രസ് ആരോപണം ഉയർത്തിയിരുന്നു.