ന്യൂഡൽഹി: പാക്കിസ്ഥാനുമായി ഭാവിയിൽ ഏതെങ്കിലും തരത്തിൽ ഇന്ത്യ ചർച്ച നടത്തുകയാണെങ്കിൽ അത് പാക് അധീന കശ്മീരിനെക്കുറിച്ച് മാത്രമായിരിക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ഭീകരവാദം അവസാനിപ്പിച്ചാൽ മാത്രമേ പാക്കിസ്ഥാനുമായി ചർച്ചയ്ക്ക് തയ്യാറാവൂ. അങ്ങനെ ചർച്ച നടന്നാൽ തന്നെ അത് പാക് അധീന കശ്മീരിനെക്കുറിച്ച് മാത്രമായിരിക്കുമെന്ന് ഹരിയാനയിലെ പഞ്ച്കുളയിൽ നടന്ന ജൻ ആശിർവാദ് റാലിയിൽ സംസാരിക്കവേ രാജ്നാഥ് സിങ് പറഞ്ഞു.

ജമ്മു കശ്മീരിന്റെ വികസനത്തിനുവേണ്ടിയാണ് സംസ്ഥാനത്തിന് പ്രത്യേക പദവി നൽകുന്ന ആർക്കിൾ 370 റദ്ദാക്കിയതെന്നും രാജ്നാഥ് സിങ് പറഞ്ഞു. നമ്മുടെ അയൽരാജ്യം രാജ്യാന്തര സമൂഹത്തിന്റെ വാതിലുകളിൽ മുട്ടി ഇന്ത്യ ചെയ്തത് തെറ്റാണെന്ന് പറയുകയാണെന്നും രാജ്നാഥ് സിങ് പറഞ്ഞു. കശ്മീർ വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥാൻ നിരവധി വിദേശ രാജ്യങ്ങളെയും യുഎന്നിനെയും സമീപിച്ചതിനെക്കുറിച്ചായിരുന്നു രാജ്നാഥ് സിങ്ങിന്റെ പരാമർശം.

ബാലാകോട്ട് ആക്രമണത്തെക്കാൾ വലിയതെന്തോ ഇന്ത്യ പദ്ധതിയിടുന്നുവെന്നാണ് ഏതാനും ദിവസം മുൻപ് പാക്കിസ്ഥാൻ പ്രധാനമന്ത്രി പറഞ്ഞത്. ഇതിന് അർഥം ബാലാകോട്ടിലെ ഇന്ത്യൻ ആക്രമണം പാക്കിസ്ഥാൻ അംഗീകരിക്കുന്നുവെന്നാണെന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കി. ബാലാകോട്ടിൽ ഇന്ത്യ വ്യോമാക്രമണം നടത്തിയിട്ടില്ലെന്നായിരുന്നു പാക്കിസ്ഥാന്റെ വാദം.

Read Also: ‘ഭാവിയില്‍ എന്തും സംഭവിക്കാം’; ആണവായുധ നയം മാറാമെന്ന് രാജ്‌നാഥ് സിങ്, പാക്കിസ്ഥാന് മുന്നറിയിപ്പ്

നേരത്തെ ഇന്ത്യയുടെ ആണവായുധ നയം സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറാമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞിരുന്നു. നിലവില്‍ ആണവായുധം ആദ്യം ഉപയോഗിക്കില്ല എന്നതാണ് ഇന്ത്യയുടെ നയം. എന്നാല്‍, ഇതില്‍ മാറ്റം വന്നേക്കാം. സാഹചര്യങ്ങള്‍ക്കനുസരിച്ച് ഭാവിയില്‍ നയത്തിന് മാറ്റം വന്നേക്കാമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിയും ബിജെപി നേതാവുമായിരുന്ന അടല്‍ബിഹാരി വാജ്‌പേയിയുടെ ഒന്നാം ചരമ വാര്‍ഷികത്തോട് അനുബന്ധിച്ച് പൊഖ്‌റാനില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കിയാണ് രാജ്‌നാഥ് സിങ് ഈ പ്രതികരണം നടത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook