ന്യൂഡൽഹി: ഓഖി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് കേന്ദ്രത്തിൽ നിന്ന് മുന്നറിയിപ്പ് നേരത്തേ ലഭിച്ചിരുന്നില്ലെന്ന കേരളത്തിന്റെ വാദം ശരിവച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി. നവംബർ 30 നാണ് ചുഴലിക്കാറ്റ് വീശുമെന്ന മുന്നറിയിപ്പ് നൽകിയതെന്നും ഇതിന് മുൻപ് ന്യൂനമർദ്ദം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും രാജ്നാഥ് സിംഗ് ലോക്സഭയിൽ പറഞ്ഞു.
“1925ന് ശേഷം ആദ്യമായാണ് കേരളത്തിൽ ചുഴലിക്കാറ്റ് എത്തിയത്. ഇത് പ്രത്യേക തരത്തിലുള്ള ചുഴലിക്കാറ്റായിരുന്നു. അതുകൊണ്ടാണ് മുന്നറിയിപ്പ് നൽകാൻ കാലതാമസം നേരിട്ടത്. ആഴക്കടലിൽ മത്സ്യബന്ധനം നടത്തുന്നവർക്ക് മുന്നറിയിപ്പ് നല്കുന്നതിന് ബുദ്ധിമുട്ടുകളുണ്ട്”, രാജ്നാഥ് സിങ് പറഞ്ഞു.
കേരളത്തിലെ 215 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് രാജ്നാഥ് സിങ് സഭയെ അറിയിച്ചു. 700 നോട്ടിക്കൽ മൈൽ വരെ പോയി പ്രതിരോധ സേന തിരച്ചിൽ നടത്തുന്നുണ്ട്. 18 കപ്പലുകൾ ഇപ്പോഴും തിരച്ചിൽ നടത്തുന്നുണ്ട്, രാജ്നാഥ് സിംഗ് പറഞ്ഞു. ഓഖി ചുഴലിക്കാറ്റിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങി. കേന്ദ്രം പക്ഷപാതപരമായി പ്രവർത്തിക്കുന്നുവെന്നാണ് പ്രതിപക്ഷം കുറ്റപ്പെടുത്തിയത്.