ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി വര്‍ഷങ്ങളോളം ഇന്ത്യയെ നയിക്കുക മാത്രമായിരുന്നില്ലെന്നും യുദ്ധസമയത്തും അവര്‍ അങ്ങനെ ചെയ്തുവെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. പാക്കിസ്ഥാനെതിരായ 1971 ലെ യുദ്ധത്തില്‍ ഇന്ദിരാ ഗാന്ധിയുടെ പങ്ക് സംബന്ധിച്ച് വ്യക്തമായി പരാമര്‍ശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത്, 1971 ല്‍ പാക്കിസ്ഥാനെതിരായ യുദ്ധത്തില്‍ ഇന്ത്യ വിജയിച്ചു. അത് ബംഗ്ലാദേശിന്റെ ജനനത്തിന് കാരണമായെന്നും രാജ്നാഥ് സിങ് പറഞ്ഞു. സായുധ സേനയിലെ സ്ത്രീകളുടെ പങ്ക് സംബന്ധിച്ച ഷാങ്ഹായ് സഹകരണ സംഘടന (എസ്സിഒ) സെമിനാറില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. റാണി ലക്ഷ്മി ബായ്, മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ എന്നിവരെക്കുറിച്ചും രാജ്നാഥ് സിങ് പ്രസംഗത്തില്‍ പരാമര്‍ശിച്ചു.
”തങ്ങളുടെ രാജ്യത്തെയും ജനങ്ങളുടെ അവകാശങ്ങളെയും സംരക്ഷിക്കാന്‍ സ്ത്രീകള്‍ ആയുധമെടുത്തതിന് നിരവധി ഉദാഹരണങ്ങള്‍ ചരിത്രത്തിലുണ്ട്. റാണി ലക്ഷ്മി ബായിയാണ് അവരില്‍ ഏറ്റവും ആദരിക്കപ്പെടുന്നതും ബഹുമാനിക്കപ്പെടുന്നതും. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി വര്‍ഷങ്ങളോളം രാജ്യത്തെ നയിക്കുക മാത്രമല്ല ചെയ്തത്. യുദ്ധസമയങ്ങളിലും അവര്‍ അങ്ങനെ ചെയ്തു. അടുത്തിടെ, പ്രതിഭാ പാട്ടീല്‍ ഇന്ത്യയുടെ രാഷ്ട്രപതിയും സായുധ സേനയുടെ പരമോന്നത കമാന്‍ഡറുമായിരുന്നു,” രാജ്നാഥ് സിങ് പറഞ്ഞു.
ദേശീയ വികസനത്തില്‍ സ്ത്രീശക്തി പ്രയോജനപ്പെടുത്തുന്നതില്‍ ഇന്ത്യയ്ക്കു മികച്ച അനുഭവമുണ്ട്. സായുധസേനയിലെ സ്ത്രീകളുടെ പങ്ക് ചര്‍ച്ച ചെയ്യുന്നത് ന്യായമാണെങ്കിലും സുരക്ഷയുടെയും രാഷ്ട്ര നിര്‍മാണത്തിന്റെയും എല്ലാ മേഖലകളിലും അവരുടെ വിശാലമായ സംഭാവന അംഗീകരിക്കുകയും ഊന്നിപ്പറയുകയും ചെയ്യണം.
Also Read: ആര്യന് ഖാന് ആദ്യമായുള്ള ഉപഭോക്താവല്ലെന്ന് എന്‍സിബി; ജാമ്യാപേക്ഷയില്‍ വാദം പുരോഗമിക്കുന്നു
പരിചരിക്കുന്നവരും സംരക്ഷകരും എന്ന നിലയിലുള്ള സ്ത്രീകളുടെ പാരമ്പര്യം നൂറ്റാണ്ടുകളായി തുടരുകയാണ്. മേഖലയുടെ ആചാരങ്ങളിലും പാരമ്പര്യങ്ങളിലും അത് ആഴത്തില്‍ തറഞ്ഞുകിടക്കുന്നുണ്ട്. സരസ്വതി നമ്മുടെ അറിവിന്റെയും ജ്ഞാനത്തിന്റെയും പഠനത്തിന്റെയും ദേവതയാണെങ്കില്‍, അമ്മ ദുര്‍ഗ സംരക്ഷണം, ശക്തി, നാശം, യുദ്ധം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.
സായുധസേനയില്‍ സ്ത്രീകളുടെ പങ്കാളിത്തത്തിന്റെ കാര്യത്തില്‍ മുന്‍കൈയെടുക്കുന്ന ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. സ്ഥിരം കമ്മിഷനിങ്ങിനായി സ്ത്രീകളെ സ്വീകരിക്കുകയാണ്. സമീപഭാവിയില്‍ ആര്‍മി യൂണിറ്റുകളും ബറ്റാലിയനുകളും വനിതകള്‍ കമാന്‍ഡ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.