ന്യൂഡൽഹി: ലക്നൗവിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഇസ്‍ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരൻ സെയ്ഫുള്ളയുടെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന പിതാവ് സർജാതിന്റെ വാക്കുകളെ പുകഴ്ത്തി കേന്ദ്ര ആഭ്യന്ത്രര മന്ത്രി രാജ്നാഥ് സിങ്. സർജാതിന്രെ നിലപാടിൽ രാജ്യം മുഴുവൻ അഭിമാനിക്കുന്നതായി രാജ്നാഥ് സിങ് ലോക്സഭയിൽ പറഞ്ഞു. ഒരു വഞ്ചകന് തന്റെ മകനായിരിക്കാൻ സാധിക്കില്ലെന്ന് സർജാത് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഐഎസ് ഭീകരനായ സെയ്ഫുളളയുടെ മൃതദേഹം ഏറ്റുവാങ്ങാൻ അദ്ദേഹം തയാറായില്ല. രാജ്യം മുഴുവൻ അദ്ദേഹത്തെ ഓർത്ത് അഭിമാനിക്കുന്നു എന്നും രാജ്നാഥ് സിങ് പറഞ്ഞു. ലക്നൗവിൽ ഐഎസ് ഭീകരരുമായി നടന്ന ഏറ്റുമുട്ടലിനെക്കുറിച്ചും രാജ്യത്തെ ഐഎസ് സ്വാധീനത്തെക്കുറിച്ചും സഭയിൽ സംസാരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി. രാജ്യത്തെ ഐഎസ് സ്വാധീനത്തെക്കുറിച്ച് ദേശീയ അന്വേഷണ ഏജൻസി വിശദമായ അന്വേഷണം നടത്തിവരികയാണെന്നും ഭീകരർക്കായുള്ള തിരച്ചിൽ നടത്തി വരികയാണെന്നും രാജ്നാഥ് സിങ് പറഞ്ഞു.

സർജാതിന്റെ വാക്കുകൾ –
രാഷ്ട്രം ആണ് എന്നെ സംബന്ധിച്ച് ആദ്യ പരിഗണന , അവൻ ചെയ്തത് എന്റെ രാഷ്ട്രത്തിന് എതിരായാണ് . ഒരു വഞ്ചകന് എന്റെ മകനാകാൻ കഴിയില്ല.

ഭോപ്പാല്‍-ഉജ്ജയിന്‍ ട്രെയിനില്‍ നടന്ന സ്ഫോടനത്തിന്റെ ആസൂത്രകനായിരുന്നു സെയ്ഫുള്ള. ചൊവ്വാഴ്ചയുണ്ടായ സ്ഫോടനത്തിൽ എട്ടു പേർക്ക് പരുക്കേറ്റിരുന്നു. സെയ്ഫുള്ള ഒളിച്ചിരുന്ന വീട്ടിൽ കമാൻഡോകൾ കടന്നുകയറിയാണ് ഇയാളെ വധിച്ചത്. ഐഎസിന്റെ പതാകയും ട്രെയിനുകളുടെ സമയപ്പട്ടികയും സെയ്ഫുള്ളയുടെ മൃതദേഹത്തിന് സമീപത്തുനിന്ന് കണ്ടെടുത്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ