/indian-express-malayalam/media/media_files/uploads/2020/10/Rajnath-Singh-2.jpg)
ന്യൂഡൽഹി: യഥാർത്ഥ നിയന്ത്രണരേഖയിൽ (എൽഎസി) സമാധാനം പുനസ്ഥാപിക്കാൻ രാജ്യം ആഗ്രഹിക്കുന്നുവെന്നും അതേസമയം, ഇന്ത്യയുടെ സായുധ സേന തങ്ങളുടെ ഒരിഞ്ച് പ്രദേശം ചൈനയ്ക്ക് വിട്ടുകൊടുക്കില്ലെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്.
"സംഘർഷം കുറയ്ക്കാനും സമാധാനം പുനസ്ഥാപിക്കുന്നതിനും ഇന്ത്യ ആഗ്രഹിക്കുന്നു. ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും മറ്റുള്ളവരുടെ കൈകളിലേക്ക് പോവാൻ നമ്മുടെ സൈന്യം അനുവദിക്കില്ലെന്ന് എനിക്ക് പൂർണ വിശ്വാസമുണ്ട്,” അദ്ദേഹം പറഞ്ഞു.
സിലിഗുരിയിലെ ഒരു സൈനിക താവളത്തിൽ “ശസ്ത്ര പൂജ” (ആയുധ പൂജ) നടത്തിയതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സിങ്.
ഇന്ത്യൻ ആർമിയുടെ 33 കോർപ്സിന്റെ സുക്നയിലെ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ചീഫ് ഓഫ് ആർമി സ്റ്റാഫ് ജനറൽ എം എം നരവനെയും കരസേനയിലെ നിരവധി മുതിർന്ന ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
/indian-express-malayalam/media/post_attachments/YU2TI5QyRxTORVJPtRLi.jpg)
സിക്കിമിലെ എൽഎസിക്ക് സമീപമുള്ള ഉയർന്ന പ്രദേശമായ ഷെറാത്താങ്ങിലായിരുന്നു പ്രതിരോധ മന്ത്രി പൂജയിൽ പങ്കെടുക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം അദ്ദേഹത്തിന് അവിടേക്ക് പോകാൻ കഴിഞ്ഞില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായി പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
കിഴക്കൻ ലഡാക്കിലെ അതിർത്തിയുമായി ബന്ധപ്പെട്ട് ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്നങ്ങൾ അഞ്ച് മാസത്തിലേറെയായി പരിഹരിക്കപ്പെടാതെ തുടരുകയാണ്.
പ്രശ്നം പരിഹരിക്കുന്നതിനായി ഇരുരാജ്യങ്ങളും നയതന്ത്ര-സൈനിക തല ചർച്ചകൾ നടത്തിയിരുന്നു. എന്നിരുന്നാലും, സംഘർഷാവസ്ഥ അവസാനിപ്പിക്കുന്നതിനുള്ള ഒരു മുന്നേറ്റവും കൈവരിക്കാനായില്ല.
33 കോർപ്സിന്റെ ആസ്ഥാനത്താണ് പ്രതിരോധ മന്ത്രി ശനിയാഴ്ച എത്തിയത്. ശനിയാഴ്ച വൈകുന്നേരം താവളത്തിലെ ഒരു കൂട്ടം സൈനികരെ സിങ് അഭിസംബോധന ചെയ്തു. ഇന്ത്യ എല്ലായ്പ്പോഴും അയൽക്കാരുമായി നല്ല ബന്ധം പുലർത്താൻ ശ്രമിച്ചുവെങ്കിലും കാലാകാലങ്ങളിൽ വരുന്ന സാഹചര്യങ്ങൾ കാരണം സായുധ സേനയ്ക്ക് രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ സമഗ്രതയും പരമാധികാരവും സംരക്ഷിക്കാൻ പരമമായ ത്യാഗങ്ങൾ ചെയ്യേണ്ടി വന്നുവെന്ന് മന്ത്രി പറഞ്ഞു.
സൈനിക താവളത്തിൽ നടന്ന ഉന്നതതല യോഗത്തിൽ കരസേന എത്രത്തോളം പോരാട്ട സജ്ജമാണെന്നും പ്രതിരോധ മന്ത്രി അവലോകനം ചെയ്തു. സിക്കിം, അരുണാചൽ പ്രദേശ് മേഖലകളടക്കം 3,500 കിലോമീറ്റർ നീളമുള്ള എൽഎസിയിൽ സൈനിക ആയുധ വിന്യാസം സേന കാര്യമായി ശക്തിപ്പെടുത്തിയിട്ടുണ്ട്.
Read More: Want to restore peace at China border: Rajnath Singh
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.