ഐസ്വാൾ (മിസോറാം): ഭക്ഷണം തിരഞ്ഞെടുക്കാനുളള ജനങ്ങളുടെ സ്വാതന്ത്ര്യത്തിൽ സർക്കാർ ഇടപെടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ജനങ്ങളുടെ ഭക്ഷണക്കാര്യത്തിൽ സർക്കാർ ഒരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ പുതിയ വിജ്ഞാപനത്തിനെതിരെയുളള ജനങ്ങളുടെ പ്രതിഷേധത്തെക്കുറിച്ചുളള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഇന്ത്യ-മ്യാൻമർ അതിർത്തിയിലെ സുരക്ഷ അവലോകനം നടത്തുന്നതിനായാണ് രാജ്നാഥ് സിങ് മിസോറാമിലെത്തിയത്. അദ്ദേഹത്തിനൊപ്പം മന്ത്രി കിരൺ റിജ്ജുവും ഉണ്ടായിരുന്നു. സുരക്ഷ സംബന്ധിച്ച് നാല് വടക്കു-കിഴക്കന്‍ സംസ്ഥാന മുഖ്യമന്ത്രിമാരുമായും രാജ്നാഥ് സിങ് ചർച്ച നടത്തി. രാജ്നാഥ് സിങ്ങിന്റെ സന്ദർശനത്തിനു മുൻപായി ഐസ്വാളിൽ നടന്ന ബീഫ് ഫെസ്റ്റിവലിൽ നൂറുകണക്കിന് പേർ പങ്കെടുത്തിരുന്നു.
ഭക്ഷണം അത് കഴിക്കുന്നവരുടെ തിരഞ്ഞെടുപ്പാണെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ വെങ്കയ്യ നായിഡുവും നേരത്തെ പറഞ്ഞിരുന്നു. എല്ലാവരേയും സസ്യഭുക്കുകളാക്കി മാറ്റാൻ ബിജെപി ശ്രമിക്കുന്നുവെന്നത് ആരോപണം മാത്രമാണെന്നും എന്ത് കഴിക്കണമെന്നും എന്ത് കഴിക്കേണ്ട എന്നും തീരുമാനിക്കേണ്ടത് അത് കഴിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.
Read More : പശുവില്‍ വേവിക്കുന്ന ജാതീയത