ന്യൂഡൽഹി: മൂന്നാം കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയ്ക്കുള്ള അരങ്ങുകൾ രാജ്യതലസ്ഥാനത്ത് ഒരുങ്ങി. കേന്ദ്രമന്ത്രിസഭയിൽ നിന്ന് പുറത്തേക്ക് പോകുന്നവരിൽ പ്രധാനി രാജീവ് പ്രതാപ് റൂഡിയാണ്. മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക് പോകുന്നവർക്ക് ബിജെപിയിൽ ഉയർന്ന ചുമതലകൾ നൽകാനാണ് അമിത് ഷായുടെ തീരുമാനം.

കേന്ദ്രമന്ത്രിസഭ പുനഃസംഘടനയ്ക്ക് ഒപ്പം തന്നെ തമിഴ്നാട്ടിലെ അണ്ണാ ഡിഎംകെ കക്ഷിയുമായി അമിത് ഷാ ചർച്ച നടത്തി. എഐഎഡിഎംകെയെ എൻഡിഎയുടെ ഭാഗമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. എടപ്പാടി പളനിസ്വാമി വിഭാഗവും ഒ.പനീർശെൽവം വിഭാഗവും ഒന്നായ സാഹചര്യത്തിൽ ഇവർക്ക് കേന്ദ്രമന്ത്രിസഭയിൽ പങ്കാളിത്തം നൽകാനും ശ്രമം നടക്കുന്നുണ്ട്. അണ്ണാ ഡിഎംകെ നേതാവ് തന്പിദുരൈയുമായാണ് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുമായി ചർച്ച നടത്തിയത്.

പുനഃസംഘടനാ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി നൈപുണ്യ വികസന വകുപ്പ് മന്ത്രിസ്ഥാനം രാജിവച്ചു. രണ്ടോ മൂന്നോ മന്ത്രിമാർ കൂടി ഉടൻ രാജി വച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്. അരുൺ ജെയ്റ്റ്‌ലി ധനമന്ത്രി സ്ഥാനം ഒഴിഞ്ഞ് ഈ വകുപ്പ് പിയൂഷ് ഗോയലിന് കൈമാറും.

റയിൽവേ വകുപ്പിന്റെ ചുമതല നിതിൻ ഗഡ്കരിക്ക് കൈമാറും. ഗുജറാത്ത്, കർണാടക നിയമസഭാ തിരഞ്ഞെടുപ്പുകളിലാണ് ബിജെപി ഇപ്പോൾ ശ്രദ്ധ ചെലുത്തിയിരിക്കുന്നത്. ഇരു സംസ്ഥാനങ്ങളിലും കോൺഗ്രസിൽ നിന്ന് ബിജെപി ശക്തമായ മത്സരമാണ് പ്രതീക്ഷിക്കുന്നത്. അരുൺ ജെയ്റ്റ്‌ലിക്ക് ഗുജറാത്തിന്റെയും പ്രകാശ് ജാവ്ദേക്കറിന് കർണാടകയുടെയും ചുമതല നൽകിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ