ന്യൂഡൽഹി: നിലവിൽ തിരഞ്ഞെടുപ്പ് കമ്മീഷണറായ രാജീവ് കുമാർ അടുത്ത മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി (സിഇസി) ചുമതലയേൽക്കുമെന്ന് കേന്ദ്ര നിയമ-നീതി മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. വിരമിക്കുന്ന സുശീൽ ചന്ദ്രയ്ക്ക് പകരമാണ് രാജീവ് കുമാർ ചുമതലയേൽക്കുന്നത്.
2020 സെപ്തംബർ ഒന്നിനാണ് രാജീവ് കുമാർ ഇലക്ഷൻ കമ്മീഷണറായി ചുമതലയേറ്റത്. അതിനു മുമ്പ്, കുമാർ പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ബോർഡിന്റെ ചെയർമാനായിരുന്നു.
ബിഹാർ/ജാർഖണ്ഡ് കേഡറിൽ നിന്നുള്ള 1984 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായ കുമാർ, 2020 ഫെബ്രുവരിയിലാണ് ഐഎഎസിൽ നിന്ന് വിരമിച്ചത്.
1960 ഫെബ്രുവരി 19 ന് ജനിച്ച കുമാർ, ബിഎസ്സി, എൽഎൽബി, പിജിഡിഎം, പബ്ലിക് പോളിസിയിൽ ബിരുദാനന്തര ബിരുദം എന്നിവയുൾപ്പെടെ വിവിധ ബിരുദങ്ങൾ നേടിയിട്ടുണ്ട്. കൂടാതെ, കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് കീഴിൽ 37 വർഷത്തിലേറെ കാലത്തേ സേവന പരിചയമുണ്ട്.
സെൻട്രൽ ബോർഡ് ഓഫ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ), എസ്ബിഐ, നബാർഡ്
എന്നിവയുടെ ഡയറക്ടറായി പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം, സാമ്പത്തിക ഇന്റലിജൻസ് കൗൺസിൽ, സാമ്പത്തിക സ്ഥിരത വികസന കൗൺസിൽ (എഫ്എസ്ഡിസി), ബാങ്ക് ബോർഡ് ബ്യൂറോ (ബിബിബി), ഫിനാൻഷ്യൽ സെക്ടർ റെഗുലേറ്ററി അപ്പോയിന്റ്മെന്റ് സെർച്ച് കമ്മിറ്റി), സിവിൽ സർവീസ് ബോർഡ്, തുടങ്ങിയ ബോർഡുകളിലും കമ്മിറ്റികളിലും അംഗമായിരുന്നു.
സാമ്പത്തിക മേഖലയിലെ ലയനങ്ങളും ഏറ്റെടുക്കലുകളും വിഭാവനം ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും നിർണായക പങ്കുവഹിച്ചതിന് അദ്ദേഹത്തിന് പ്രത്യേക ബഹുമതി ലഭിച്ചിട്ടുണ്ട്. ഏകദേശം 18 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പ്രയോജനം ചെയ്യുന്ന ദേശീയ പെൻഷൻ സമ്പ്രദായം (എൻപിഎസ്) നടപ്പിലാക്കിയതിന് പിന്നിലും രാജീവ് കുമാർ ഉണ്ടായിരുന്നു.