രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഐഎന്‍എസ് വിരാടിനെ കുടുംബത്തിന് അവധി ആഘോഷിക്കാന്‍ വിട്ടു നല്‍കിയെന്ന് മോദി ആരോപണത്തിന് മറുപടിയുമായി മുൻ നേവൽ സ്റ്റാഫ് അഡ്മിറൽ എൽ രാംദാസ്. ഗാന്ധി കുടുംബം ഒരു കപ്പലും സ്വകാര്യ ആവശ്യത്തിനായി ഉപയോഗിച്ചട്ടില്ലെന്ന് രാംദാസ് പറഞ്ഞു.

Also Read: ‘അസാധ്യമായിരുന്നതെല്ലാം ഇപ്പോള്‍ സാധ്യം, സര്‍ക്കാരിന് നന്ദി പറയുക’: നരേന്ദ്ര മോദി

“ഗാന്ധി കുടുംബം ഒരു കപ്പലും സ്വകാര്യ ആവശ്യത്തിനായി ഉപയോഗിച്ചട്ടില്ല. ഒരിക്കൽ മാത്രം ഒരു ഹെലികോപ്റ്റർ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യത്തിൽ കവരത്തിയിലേക്ക് പോയിട്ടുണ്ട്. ” മുൻ നേവൽ സ്റ്റാഫ് അഡ്മിറൽ എൽ രാംദാസ് പറഞ്ഞു.

Also Read: ‘എയർഫോഴ്സ് ജെറ്റുകള്‍ സ്വന്തം ടാക്‌സിയാക്കി’; മോദിക്ക് കോണ്‍ഗ്രസിന്റെ മറുപടി

അന്ന് ഐഎൻഎസ് വിരാടിന്റെ ക്യാപ്റ്റനും കമാൻഡിങ് ഓഫീസറുമായിരുന്ന വൈസ് അഡ്മിറൽ പാശ്രിഷാ, ഐഎൻഎസ് വിരാടിനെ അനുഗമിച്ചിരുന്ന ഐഎൻഎസ് വിദ്യാഗിരിയുടെ കമാൻഡിങ് അഡ്മിറൽ അരുൺ പ്രകാശ്, ഐഎൻഎസ് ഗംഗയുടെ കമാൻഡിങ് ഓഫീസറായിരുന്ന വൈസ് അഡ്മിറൽ മദാഞ്ജിത് സിങ് എന്നിവരുടെ രേഖമൂലമുള്ള പ്രതികരണങ്ങളുടെ പുറത്താണ് താനിപ്പോൾ സംസാരിക്കുന്നതെന്നും ലക്ഷ്വദ്വീപിന്റെ ചുമതലയുണ്ടായിരുന്ന നേവൽ ഓഫീസറുടെയും പ്രതികരണവും തന്റെ വാദത്തിന് അടിസ്ഥാനമാണെന്നും മുൻ നേവൽ സ്റ്റാഫ് അഡ്മിറൽ എൽ രാംദാസ് കൂട്ടിച്ചേർത്തു.

രാജീവ് ഗാന്ധിയും അദ്ദേഹത്തിന്റെ ഭാര്യയായ സോണിയ ഗാന്ധിയും 1987 ഡിസംബറിൽ ഐഎൻഎസ് വിരാടിൽ യാത്രചെയ്തിരുന്നെന്നും ലക്ഷ്വദ്വീപിൽ ഐലൻഡ് ഡെവലപ്മെന്റ് അതോറിറ്റിയുടെ യോഗത്തിൽ പങ്കെടുക്കുന്നതിന് തിരുവനന്തപുരത്ത് നിന്നാണ് പുറപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. അന്ന് ഐഎൻഎസ് വിരാടിൽ അവർ അത്താഴം കഴിച്ചിരുന്നതെന്നും ഇതല്ലാതെ മറ്റ് പാർട്ടികളൊന്നും കപ്പലിൽ നടന്നട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

ഇത് തെളിയിക്കുന്നതിനുള്ള ഫോട്ടോഗ്രാഫുകളും ഉണ്ടെന്നും രാംദാസ് പറഞ്ഞു. ആ യാത്രയിൽ രാജീവും സോണിയ ഗാന്ധിയും അടുത്ത ദ്വീപുകളിൽ ഹെലികോപ്റ്ററിൽ പോയിരുന്നെങ്കിലും രാഹുൽ അവരെ അനുഗമിച്ചിരുന്നില്ലെന്നും പറയുന്നു.

രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഐഎന്‍എസ് വിരാടിനെ കുടുംബത്തിന് അവധി ആഘോഷിക്കാന്‍ വിട്ടു നല്‍കിയെന്ന് ആയിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണം. യുദ്ധോപകരണം വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ദേശസുരക്ഷ ബലികഴിക്കുന്നതിന് തുല്യമല്ലേ എന്ന് മോദി ചോദിച്ചു. രാജീവ് ഗാന്ധി ആയതുകൊണ്ട് ജനങ്ങളൊന്നും അതിനെ ചോദ്യം ചെയ്തില്ല. ഒരു കുടുംബത്തെ മാത്രം ആനന്ദിപ്പിക്കുന്നതിലും ആ കുടുംബത്തിന്റെ ആഗ്രഹങ്ങള്‍ മാത്രം നിറവേറ്റുന്നതിനും മാത്രമായിരുന്നു രാജ്യത്തെ ഭരണസംവിധാനമെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook