ന്യൂഡല്‍ഹി: നെറ്റ്ഫ്ളിക്സ് സീരിസായ സേക്രഡ് ഗെയിംസില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് നെറ്റ്ഫ്ളിക്സിനും ‘സേക്രഡ് ഗെയിംസ്’ എന്ന വെബ് സീരീസിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ തള്ളി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജീവ് ഗാന്ധിയെ അശ്ലീല പദങ്ങളുപയോഗിച്ച് പരാമര്‍ശിച്ചുവെന്നും അദ്ദേഹത്തിന്റെ കാലഘട്ടത്തിലെ സംഭവങ്ങള്‍ തെറ്റായ രീതിയില്‍ ചിത്രീകരിച്ചുവെന്നും ആണ് ‘സേക്രഡ് ഗെയിംസിനെതിരായ ആരോപണം. തുടര്‍ന്ന് സീരിസിലെ ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്നും ആവശ്യം ഉയര്‍ന്നു.

എന്നാല്‍ ബിജെപിയെ പോലെ ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ കത്തി വെക്കണമെന്ന അഭിപ്രായം തനിക്കില്ലെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. സ്വാതന്ത്ര്യം എന്നത് മൗലിക ജനാധിപത്യ അവകാശമാണെന്ന് വിശ്വസിക്കുന്നയാളാണ് താനെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ‘എന്റെ അച്ഛന്‍ ഇന്ത്യയെ സേവിച്ച്, ഇന്ത്യയ്ക്ക് വേണ്ടിയാണ് മരിച്ചത്. ഒരു വെബ് സീരീസിലുളള കെട്ടുകഥാപാത്രത്തിന്റെ കാഴ്ച്ചപ്പാട് കാരണം അതില്‍ മാറ്റം ഉണ്ടാകില്ല’, രാഹുല്‍ ഗാന്ധി പറഞ്ഞു.

നെറ്റ് ഫ്ലിക്സിലെ വെബ് സീരീസ് സംപ്രേഷണം ചെയ്തതിന് പിന്നാലെ ബിജെപി ഐടി സെല്ലും നേതാക്കളും പരിഹാസം ഉയര്‍ത്തി രംഗത്തെത്തിയിരുന്നു. ഇതിനിടയില്‍ ബംഗാള്‍ കോണ്‍ഗ്രസ് നേതാവായ രാജീവ് സിന്‍ഹ നടനും നിര്‍മാതാക്കള്‍ക്കുമെതിരെ പൊലീസില്‍ പരാതി നല്‍കുകുയും ചെയ്തു.

നവാസുദ്ദീന്‍ സിദ്ദിഖിയുടെ ഗണേഷ് എന്ന കഥാപാത്രം മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ ‘ഫട്ടു’ എന്നു വിളിക്കുന്നുവെന്നും ഇത് സബ് ടൈറ്റിലില്‍ pu*** എന്നാണ് എഴുതികാണിക്കുന്നതെന്നും കാണിച്ചാണ് പരാതി നല്‍കിയിരുന്നത്. ചരിത്രസംഭവങ്ങളെ വളച്ചൊടിച്ചുകൊണ്ട് രാജീവ് ഗാന്ധിയെ അപമാനിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു.
സംവിധായകരായ അനുരാഗ് കശ്യപും വിക്രമാദിത്യ മോട്വാനിയും ചേര്‍ന്നൊരുക്കിയിരിക്കുന്ന സേക്രഡ് ഗെയിംസ് കഴിഞ്ഞ ആഴ്ചയാണ് പ്രദര്‍ശനം ആരംഭിച്ചത്. വിക്രം ചന്ദ്ര എഴുതിയ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് സിരീസ് ചെയ്തിരിക്കുന്നത്.

മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും സീരീസിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ വഴിത്തിരിവ് സൃഷ്ടിച്ച നിരവധി സംഭവങ്ങളിലൂടെയാണ് സേക്രഡ് ഗെയിംസ് കടന്നുപോകുന്നത്. അടിയന്തരാവസ്ഥയുടെയും രാജീവ് ഗാന്ധി പ്രധാനമന്ത്രിയായ കാലത്തു നടന്ന ബോഫോര്‍സ് അഴിമതിയുടെയും ഷാ ബാനു കേസിന്റെയും പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook