ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസില്‍ ആറ് പ്രതികളെ വിട്ടയച്ചതിനെതിരെ കേന്ദ്രസര്‍ക്കാര്‍ വ്യാഴാഴ്ച സുപ്രീം കോടതിയെ സമീപിച്ചു. കേസിലെ പ്രതികളായ നളിനി ശ്രീഹരന് ഉള്‍പ്പെടെ ആറ് പ്രതികളെ വിട്ടയക്കാനുള്ള നവംബര്‍ 11ലെ ഉത്തരവിനെതിരെ കേന്ദ്രം സുപ്രീം കോടതിയില്‍ പുനപരിശോധനാ ഹര്‍ജി നല്‍കിയതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
കേസിന്റെ വിചാരണ വേളയില്‍ തങ്ങളെ കക്ഷിയാക്കാത്തതിനാല് വിഷയത്തില്‍ വാദം കേട്ടിട്ടില്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. കേസില്‍ നളിനി ശ്രീഹരന് ഉള്‍പ്പെടെ ആറ് പ്രതികളാണ് സുപ്രീം കോടതി ഉത്തവരിനെ തുടര്‍ന്ന് ജയില്‍ മോചിതരായത്. നളിനിക്കൊപ്പം ഭര്‍ത്താവ് മുരുകന് എന്ന വി ശ്രീഹരന്, ശാന്തന് എന്ന ടി സുതേന്ദ്രരാജ, റോബര്‍ട്ട് പയസ്, ജയകുമാര്‍, രവി എന്ന രവിചന്ദ്രന്‍ എന്നിവരാണു മൂന്നു പതിറ്റാണ്ടിനുശേഷം മോചിതരായത്.
1991 മേയ് 21 നു തമിഴ്നാട്ടിലെ പെരുംപുതൂരില്‍ എല്‍ ടി ടി ഇ നടത്തിയ ചാവേര്‍ ബോംബ് സ്ഫോടനത്തിലാണു രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. കേസിലെ 41 പ്രതികളില്‍ 26 പേര്‍ക്കു 1998-ല്‍ ടാഡ കോടതി വധശിക്ഷ വിധിച്ചു. ഇതില്‍ 12 പേര് സ്ഫോടനത്തിലോ അന്വേഷണത്തിനിടയിലോ മരിച്ചവരായിരുന്നു.
1999 മേയില്‍ നളിനി, മുരുകന്, ശാന്തന്, പേരറിവാളന് എന്നിവരുടെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു. പയസ്, രവിചന്ദ്രന്‍, ജയകുമാര്‍ എന്നിവരുടെ വധശിക്ഷ ജീവപര്യന്തമാക്കി ഇളവ് ചെയ്തു. മറ്റു 19 പേരെ ശിക്ഷയില്‍നിന്ന് ഒഴിവാക്കുകയും ചെയ്തു.
2000-ല്‍ നളിനിയുടെ വധശിക്ഷ ഇളവ് ചെയ്തിരുന്നു. തമിഴ്നാട് സര്‍ക്കാരിന്റെ ശിപാര്‍ശയുടെയും സോണിയ ഗാന്ധിയുടെ അഭ്യര്‍ഥനയുടെയും അടിസ്ഥാനത്തിലായിരുന്നു ഇത്. 2014 ല്‍ പേരറിവാളന് ഉള്‍പ്പെടെ മറ്റു മൂന്നു പേരുടെ വധശിക്ഷ ഇളവ് ചെയ്തിരുന്നു.