ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസില്‍ 23 വര്‍ഷമായി തടവ് ശിക്ഷ അനുഭവിക്കുന്ന പേരറിവാളന്‍ നിരപരാധിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് സിബിഐ അന്വേഷണ ഉദ്യഗോസ്ഥന്‍ വി.ത്യാഗരാജന്‍ എന്ന ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. പേരറിവാളന്റെ അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണനാണ് ഇക്കാര്യം പുറത്തുവിട്ടത്.

രാജീവ് ഗാന്ധിയെ വധിക്കുന്നതിന് ബോംബുണ്ടാക്കാന്‍ ബാറ്ററികള്‍ വാങ്ങിനല്‍കി എന്നതാണ് പേരറിവാളനില്‍ ആരോപിക്കപ്പെട്ട കുറ്റം. ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന കാരണം പറഞ്ഞാണ് ഇത്രയും വര്‍ഷമായി പേരറിവാളനെ അഴിക്കുള്ളിലിട്ടിരിക്കുന്നത്. എന്നാല്‍, എന്താവശ്യത്തിനാണ് ബാറ്ററികള്‍ എന്നറിയാതെയാണ് പേരറിവാളന്‍ അവ വാങ്ങിക്കൊടുത്തത് എന്നാണ് ത്യാഗരാജന്‍ സത്യവാങ്മൂലത്തില്‍ പറയുന്നത്. ചോദ്യംചെയ്യലിനിടെ ഇക്കാര്യം പേരറിവാളന്‍ തന്നോട് പറഞ്ഞിരുന്നു. പക്ഷേ, മനപ്പൂര്‍വ്വം ആ മൊഴി താന്‍ രേഖകളില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. കുറ്റസമ്മതമൊഴിയെ ദുര്‍ബലപ്പെടുത്താനേ ഈ വിവരം ഉപകരിക്കൂ എന്നതായിരുന്നു അങ്ങനെ ചെയ്യാനുണ്ടായ കാരണമെന്നും ത്യാഗരാജന്‍ പറയുന്നു. ത്യാഗരാജൻ നേരത്തേ ഇക്കാര്യം ഒരു ഡോക്യമെന്ററിയിലും വെളിപ്പെടുത്തിയിരുന്നു.

കേസില്‍ പേരറിവാളന്‍ നിരപരാധിയാണെന്ന് സിബിഐക്ക് നേരത്തേ ബോധ്യപ്പെട്ടതാണ്. 1991ല്‍ എല്‍ടിടിഇ നേതാവ് ശിവരശനും പൊട്ടുഅമ്മനും തമ്മിലുള്ള വയര്‍ലെസ് സന്ദേശം തനിക്ക് ലഭിച്ചിരുന്നു. പേരറിവാളന് ഗൂഢാലോചനയില്‍ പങ്കില്ലെന്നും ബാറ്ററി എന്തിനാണ് വാങ്ങിയതെന്ന് അറിയില്ലെന്നും ആ സംഭാഷണങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. അന്വേഷണത്തിന്റെ തുടക്കത്തില്‍ പേരറിവാളന്റെ പങ്കിനെക്കുറിച്ച് സിബിഐക്ക് യാതൊരു ധാരണയുമില്ലായിരുന്നെന്നും ത്യാഗരാജന്‍ നല്കിയ സത്യവാങ്മൂലത്തിലുണ്ട്.

26 വര്‍ഷത്തിനു ശേഷമെങ്കിലും ഒരു നിരപരാധിക്ക് നീതി ലഭിക്കണമെന്ന് ആഗ്രഹിക്കുന്നതിനാലാണ് ഇപ്പോള്‍ ഇക്കാര്യങ്ങള്‍ തുറന്നുപറയുന്നതെന്ന് ത്യാഗരാജന്‍ പറയുന്നു. ടാഡ നിയമത്തിന്റെ പരിധിയിലുള്‍പ്പെടുത്തിയാണ് ത്യാഗരാജന്‍ സത്യവാങ്മൂലം നല്കിയിരിക്കുന്നത്.

ഇത്രയും വര്‍ഷങ്ങളായി പേരറിവാളന്‍ അനുഭവിക്കുന്ന നീതിനിഷേധം ഒരു വിധത്തിലും ന്യായീകരിക്കാവുന്നതല്ലെന്ന് പേരറിവാളന്റെ അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണന്‍ അഭിപ്രായപ്പെട്ടു. പേരറിവാളനെ ചോദ്യംചെയ്യുന്നത് ഇപ്പോഴും അവസാനിച്ചിട്ടില്ല. ബോംബ് നിര്‍മ്മിച്ചയാള്‍ ശ്രീലങ്കയില്‍ ജയിലിലാണ്. അയാള്‍ പോലും ഇത്രയും നീണ്ട ചോദ്യം ചെയ്യലിന് വിധേയനായിട്ടുണ്ടാകില്ല. എന്തിനെന്ന് പോലും അറിയാതെ ബാറ്ററി വാങ്ങിനല്‍കിയെന്ന ഒറ്റക്കാരണം കൊണ്ട് ഒരാളെ ഇത്രയധികം ശിക്ഷിക്കാമോ എന്നും അഭിഭാഷകന്‍ ചോദിച്ചു.

ത്യാഗരാജന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പേരറിവാളന്‍ ജയില്‍മോചിതനായേക്കുമെന്നാണ് പ്രതീക്ഷയെന്നും ഗോപാല്‍ ശങ്കരനാരായണന്‍ കൂട്ടിച്ചേര്‍ത്തു. ഡിസംബര്‍ ആറിനാണ് കേസില്‍ കോടതി ഇനി വാദം കേള്‍ക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook