ന്യുഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഘാതകരെ എത്രയും പെട്ടെന്ന് ജയില്‍ മോചിതരാക്കണമെന്ന് സുപ്രിംകോടതി. പ്രതികളെ വിട്ടയക്കാന്‍ കഴിയില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് തള്ളിയാണ് സുപ്രിംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. തമിഴ്നാട് സര്‍ക്കാര്‍ പ്രതികളെ വിട്ടയക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. ഇതിനെതിരെയാണ് കേന്ദ്രം സുപ്രിംകോടതിയില്‍ നിലപാട് സ്വീകരിച്ചത്. എന്നാല്‍ പ്രതികളെ മോചിപ്പിക്കാനുളള തമിഴ്നാട് സര്‍ക്കാരിന്റെ തീരുമാനം സുപ്രിംകോടതി ശരിവെച്ചു. തമിഴ്നാട് സര്‍ക്കാരിനെ പ്രതികളെ വിട്ടയക്കാനുളള അധികാരമുണ്ടെന്നും ഗവര്‍ണര്‍ ദയാഹര്‍ജി പരിഗണിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

കേസില്‍ ശിക്ഷിക്കപ്പെട്ട ഏഴ് പേര്‍ ഇപ്പോഴും തമിഴ്‌നാട് ജയിലില്‍ ശിക്ഷ അനുഭവിച്ചുവരികയാണ്. ഒരു മുന്‍ പ്രധാനമന്ത്രിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസാണിതെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഊന്നിപ്പറഞ്ഞു. എന്നാല്‍ ഇരുപത്തിയെട്ട് വര്‍ഷമായി ജയിലില്‍ കഴിയുന്ന പ്രതികള്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചെന്നും മാനുഷിക പരിഗണന കാണിക്കണമെന്നുമുളള തമിഴ്നാട് സര്‍ക്കാരിന്റെ ആവശ്യം സുപ്രിംകോടതി അംഗീകരിക്കുകയായിരുന്നു.

പ്രതികളെ വിട്ടയക്കണമെന്ന ആവശ്യം ഏപ്രില്‍ 18നാണ് തമിഴ്‌നാട് മുന്നോട്ടുവച്ചത്. മനുഷത്വപരമായ കാരണങ്ങള്‍ കണക്കിലെടുത്ത് കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ രണ്ടു തവണയാണ് തമിഴ്‌നാട് സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചത്. എന്നാല്‍, സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ രാഷ്ട്രപതി നിരാകരിക്കുകയായിരുന്നു. മുന്‍ പ്രധാനമന്ത്രിയെ കൊലപ്പെടുത്തിയവര്‍ സമൂഹത്തില്‍ സ്വതന്ത്രരായി ജീവിക്കുന്നത് അംഗീകരിക്കാനാവില്ലെന്നായിരുന്നു കേന്ദ്ര നിലപാട്.

രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നവരെ സ്വതന്ത്രരാക്കണമെന്ന ആവശ്യത്തില്‍ വര്‍ഷങ്ങളായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ തര്‍ക്കം തുടരുകയാണ്. 1991ലാണ് രാജീവ് ഗാന്ധി കൊലചെയ്യപ്പെടുന്നത്.

പ്രതികളുടെ ശാരീരികവും-മാനസികവുമായി ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് വിട്ടയക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനം എടുത്തത്. എന്നാല്‍ രണ്ടു തവണയും ഈ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളുകയായിരുന്നു. 1991 മേയ് 21ന് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ കേസിലാണ് ഏഴു പേര്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നത്. വി. ശ്രീഹരന്‍, എ ജി പേരറിവാളന്‍, ശാന്തന്‍, ജയകുമാര്‍, റോബര്‍ട്ട് പയസ്, രവിചന്ദ്രന്‍, നളിനി എന്നിവരാണ് തടവിലുള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook