ന്യൂഡല്‍ഹി: മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞ 26 വര്‍ഷമായി ജയില്‍ശിക്ഷ അനുഭവിക്കുന്ന പ്രതി പേരറിവാളന്റെ ഹര്‍ജി സുപ്രീംകോടതി ഇന്നു പരിഗണിക്കും. രാജീവ് ഗാന്ധിയെ വധിച്ച ബോംബ് നിര്‍മിച്ചതിലെ ഗൂഢാലോചന സംബന്ധിച്ച ഹര്‍ജിയാണ് പരിഗണിക്കുന്നത്.

കേസില്‍ പേരറിവാളന്റെ വധശിക്ഷ സുപ്രിംകോടതി ജീവപര്യന്തമാക്കി ചുരുക്കിയിരുന്നു. രാജീവ് ഗാന്ധിയെ വധിക്കാനുപയോഗിച്ച ബോംബ് ബാറ്ററി നല്‍കിയെന്ന കുറ്റത്തിനാണ് പേരറിവാളനെ കോടതി ശിക്ഷിച്ചത്. എന്നാല്‍ ബോംബ് നിര്‍മാണത്തിന് പിന്നിലെ ഗൂഢാലോചന സംബന്ധിച്ച സി.ബി.ഐ.യുടെ അന്വേഷണം ഇപ്പോഴും തുടരുകയാണെന്ന് പേരറിവാളന്‍ നേരത്തെ കോടതിയെ അറിയിച്ചിട്ടുണ്ട്.

കേസ് അന്വേഷിച്ച സി.ബി.ഐ.യുടെ അന്നത്തെ എസ്.പി.വി. ത്യാഗരാജന്‍ രേഖപ്പെടുത്തിയ പേരറിവാളന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്. ബാറ്ററി വാങ്ങുമ്പോള്‍ അത് എന്തിനായിരുന്നെന്ന് പേരറിവാളന് അറിയില്ലായിരുന്നെന്ന് ത്യാഗരാജന്റെ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.

അതേസമയം ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന ഏഴ് പ്രതികളെ വിട്ടയ്ക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ 2014ലെ ശുപാര്‍ശയില്‍ തീരുമാനമെടുക്കാന്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് മൂന്ന് മാസത്തെ സമയമനുവദിച്ചു. ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെതാണ് നടപടി.

2014 ഫെബ്രുവരി 18നാണ് ഏഴ് പ്രതികളുടെ ശിക്ഷയില്‍ ഇളവുനല്‍കുന്നത് സംബന്ധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചത്. കേസില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്ന മുരുകന്‍, ശാന്തന്‍, പേരറിവാളന്‍, നളിനി, റോബര്‍ട്ട് പയസ്, ജയകുമാര്‍, രവിചന്ദ്രനെ വിട്ടയ്ക്കാനായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ സി.ബി.ഐ അന്വേഷിച്ച കേസിലെ പ്രതികളെ വിട്ടയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചു.

കേന്ദ്ര നിയമങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികളെ വിട്ടയ്ക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഏകപക്ഷീയമായി തീരുമാനമെടുക്കാനാവില്ലെന്ന് അന്നത്തെ ചീഫ് ജസ്റ്റിസ് എച്ച്.എല്‍.ദത്തു അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ഉത്തരവിട്ടു. അതേസമയം, രാജീവ് ഗാന്ധി കേസിലെ ഏഴ് പേരെ വിട്ടയ്ക്കണോയെന്ന കാര്യം മൂന്നംഗ ബെഞ്ചിന് തന്നെ തീരുമാനിക്കാമെന്നും പറഞ്ഞിരുന്നു.

1991 മേയ് 21ന് രാത്രിയാണ് തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ വെച്ച് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ